പഴയ ഫോട്ടോയിൽ നിന്ന് അന്വേഷണം; 25 വർഷത്തിന് ശേഷം കൊലക്കേസ് പ്രതി പിടിയിൽ

പോലീസുകാരും ഭക്ഷണം കഴിച്ച തട്ടുകടയുടെ ഉടമ കൊലക്കേസ് പ്രതി

Jul 29, 2026 - 11:10
 0
പഴയ ഫോട്ടോയിൽ നിന്ന് അന്വേഷണം; 25 വർഷത്തിന് ശേഷം കൊലക്കേസ് പ്രതി പിടിയിൽ

പയ്യന്നൂർ: 2001-ൽ നടന്ന വേറ്റുമ്മൽ രതീഷ് വധക്കേസിൽ 25 വർഷമായി പിടികിട്ടാപ്പുള്ളിയായി കഴിഞ്ഞിരുന്ന പ്രതിയെ കണ്ണൂർ സിറ്റി പോലീസിന്റെ പ്രത്യേക അന്വേഷണസംഘം അറസ്റ്റ് ചെയ്തു. തലശ്ശേരി കതിരൂർ സ്വദേശിയായ സി.എച്ച്. അഷ്റഫ് (58) ആണ് പിടിയിലായത്.

കൊലപാതകത്തിന് ശേഷം ഒളിവിൽ പോയ അഷ്റഫിനെ കണ്ടെത്താൻ വർഷങ്ങളായി നടത്തിയ ശ്രമങ്ങൾ ഫലിച്ചിരുന്നില്ല. ഇതേത്തുടർന്ന് ഇയാളെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിക്കുകയായിരുന്നു.

കണ്ണൂർ സിറ്റി പോലീസ് കമ്മിഷണറായി അടുത്തിടെ ചുമതലയേറ്റ വിജയ് ഭാരത് റെഡ്ഡി പഴയ കേസുകൾ വിലയിരുത്തുന്നതിനിടെയാണ് അഷ്റഫിനെ ഇതുവരെ പിടികൂടാനായിട്ടില്ലെന്ന വിവരം ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് പ്രത്യേക അന്വേഷണസംഘം രൂപീകരിച്ച് അന്വേഷണം ഊർജിതമാക്കി.

അന്വേഷണസംഘത്തിന്റെ കൈവശമുണ്ടായിരുന്നത് പ്രതിയുടെ ഒരു പഴയ ഫോട്ടോ മാത്രമായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ മൈസൂരു, ബെംഗളൂരു, മുംബൈ, മംഗളൂരു എന്നിവിടങ്ങളിൽ വ്യാപക അന്വേഷണം നടത്തി. പത്ത് വർഷത്തോളം വിവിധ നഗരങ്ങളിൽ ഹോട്ടൽ തൊഴിലാളിയായി ജോലി ചെയ്ത് ഒളിവിൽ കഴിഞ്ഞിരുന്നുവെന്നാണ് അന്വേഷണത്തിൽ കണ്ടെത്തിയത്.

പിന്നീട് പ്രതി കേരളത്തിലേക്ക് തിരിച്ചെത്തിയതായും ഹോട്ടൽ മേഖലയുമായി ബന്ധപ്പെട്ട തൊഴിൽ ചെയ്യുന്നുണ്ടാകാമെന്നും അന്വേഷണസംഘം മനസ്സിലാക്കി. ഇതിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് പയ്യന്നൂരിൽ വാടകക്കെട്ടിടത്തിൽ താമസിച്ച് തട്ടുകട നടത്തി വരികയാണെന്ന് കണ്ടെത്തിയത്.

ഒരാഴ്ച നീണ്ട രഹസ്യനിരീക്ഷണത്തിനൊടുവിൽ ഇന്ന് പുലർച്ചെ വാടകവീട്ടിൽ നടത്തിയ നീക്കത്തിലാണ് അഷ്റഫിനെ പോലീസ് കസ്റ്റഡിയിലെടുത്തത്.

പ്രതിയുടെ തട്ടുകടയിൽ പോലീസ് ഉദ്യോഗസ്ഥർ ഉൾപ്പെടെ നിരവധി പേർ സ്ഥിരമായി ഭക്ഷണം കഴിക്കാൻ എത്തിയിരുന്നെങ്കിലും, വർഷങ്ങൾക്കിടെ ഉണ്ടായ ശാരീരിക രൂപമാറ്റം കാരണം ഇയാൾ കൊലക്കേസ് പ്രതിയാണെന്ന് തിരിച്ചറിയാൻ കഴിഞ്ഞിരുന്നില്ല. ദീർഘകാലത്തെ അന്വേഷണത്തിനൊടുവിലാണ് ഒളിവിൽ കഴിഞ്ഞിരുന്ന പ്രതി പോലീസിന്റെ വലയിലായത്.

What's Your Reaction?

like

dislike

love

funny

angry

sad

wow