കാർ വൈദ്യുതി പോസ്റ്റിലിടിച്ച് മറിഞ്ഞു; ജില്ലാ പഞ്ചായത്ത് അംഗം ഒ.സി. ബിന്ദുവിന്റെ മകൻ മരിച്ചു
കണ്ണൂർ: ഇരിട്ടി-മട്ടന്നൂർ റൂട്ടിലെ കളറോഡിൽ കാർ നിയന്ത്രണം വിട്ട് വൈദ്യുതി പോസ്റ്റിലിടിച്ച് മറിഞ്ഞുണ്ടായ അപകടത്തിൽ കണ്ണൂർ ജില്ലാ പഞ്ചായത്ത് അംഗവും സി.ഐ.ടി.യു. സംസ്ഥാന സെക്രട്ടറിയുമായ ഒ.സി. ബിന്ദുവിന്റെ മകൻ മരിച്ചു.
മാങ്ങാട്ടിടം ശങ്കരനെല്ലൂർ കടാംകോട്ട് ഹൗസിൽ ജയരാജ്-ഒ.സി. ബിന്ദു ദമ്പതികളുടെ ഏകമകനായ സി. സായന്ത് രാജ് (25) ആണ് മരിച്ചത്.
ബുധനാഴ്ച പുലർച്ചെ 1.15 ഓടെയായിരുന്നു അപകടം. തിരുവനന്തപുരത്തേക്ക് യാത്രതിരിക്കാനിരുന്ന അമ്മ ഒ.സി. ബിന്ദുവിനെ ചൊവ്വാഴ്ച രാത്രി കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ എത്തിച്ചശേഷം സായന്ത് രാജ് ഇരിട്ടിയിലേക്ക് പോയിരുന്നു. പിന്നീട് ഇരിട്ടിയിൽ നിന്ന് കൂത്തുപറമ്പ് ഭാഗത്തേക്ക് മടങ്ങുന്നതിനിടെയാണ് കളറോഡിൽവെച്ച് അദ്ദേഹം ഓടിച്ച കാർ നിയന്ത്രണം വിട്ട് വൈദ്യുതി പോസ്റ്റിലിടിച്ച് മറിഞ്ഞത്.
അപകടത്തിൽ കാറിലുണ്ടായിരുന്ന അഭിരാം (25), ഹൃഷിരാജ് (25) എന്നിവർക്ക് പരിക്കേറ്റു. ഇവരെ കണ്ണൂർ ചാല ബേബി മെമ്മോറിയൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വിവരമറിഞ്ഞ് മട്ടന്നൂർ പോലീസും നാട്ടുകാരും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തി. അപകടത്തിന്റെ കാരണം സംബന്ധിച്ച് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
What's Your Reaction?