മുതിർന്ന സിപിഎം നേതാവ് എം പി കരുണാകരൻ അന്തരിച്ചു
നീലേശ്വരം: കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ മുതിർന്ന നേതാവും ദീർഘകാലം സിപിഎം തൃക്കരിപ്പൂർ ഏരിയ കമ്മിറ്റി അംഗവുമായിരുന്ന ഇളബച്ചിയിലെ എം.പി. കരുണാകരൻ (77) അന്തരിച്ചു. ശനിയാഴ്ച പൊതുദർശനത്തിനുശേഷം മൃതദേഹം കണ്ണൂർ ഗവൺമെന്റ് പരിയാരം മെഡിക്കൽ കോളേജിന് കൈമാറും.
സിപിഎം തൃക്കരിപ്പൂർ സൗത്ത് മുൻ ലോക്കൽ സെക്രട്ടറിയായിരുന്നു. കെ എസ് എഫിലൂടെയാണ് ഇടതുപക്ഷ രാഷ്ട്രീയ പ്രവർത്തനം ആരംഭിച്ചത്. ദേശാഭിമാനി ഏജന്റ്, കർഷക തൊഴിലാളി യൂണിയൻ വില്ലേജ് സെക്രട്ടറി, ബ്ലോക്ക് കമ്മിറ്റി അംഗം, തൃക്കരിപ്പൂർ വീവേഴ്സ് സൊസൈറ്റി പ്രസിഡന്റ്, നവോദയ വായനശാല പ്രസിഡന്റ്, ഇളബച്ചി ഹയർസെക്കൻഡറി സ്കൂൾ പി.ടി.എ പ്രസിഡന്റ് എന്നീ നിലകളിലും പ്രവർത്തിച്ചു.
1978ലെ മിച്ചഭൂമി സമരത്തിൽ പങ്കെടുത്ത് ജയിൽവാസം അനുഭവിച്ചിട്ടുണ്ട്. 1982ലെ കണ്ണൂർ കളക്ടറേറ്റ് വളയൽ സമരത്തിനിടെ പൊലീസ് മർദനത്തിനും ഇരയായി.
ഭാര്യ: എ. ജാനകി (മഹിള അസോസിയേഷൻ മുൻ ഏരിയ കമ്മിറ്റി അംഗം). മക്കൾ: ലസിത (ഡി.എം.ഒ ഓഫീസ്, കാഞ്ഞങ്ങാട്), ലജീന (ഒറീസ). മരുമക്കൾ: എം.കെ. ജയദീപ് (പ്രധാനാധ്യാപകൻ, ഗവ. വെൽഫെയർ യു.പി. സ്കൂൾ, കൊടക്കാട്), പ്രകാശൻ മടിക്കൈ (ഒ.എൻ.ജി.സി., ഒറീസ). സഹോദരങ്ങൾ: പരേതരായ കൃഷ്ണൻ, കല്യാണി.
What's Your Reaction?