4,000 കിലോമീറ്റർ റോഡുമാർഗം സഞ്ചരിച്ച്; ഒഡിഷയിലെ നക്സൽ മേഖലയിൽ നിന്ന് 13കാരിയെ കേരള പോലീസ് രക്ഷപ്പെടുത്തി
കൊച്ചി: കാണാതായ 13 വയസുകാരിയെ കണ്ടെത്താൻ കേരള പോലീസ് 4,000 കിലോമീറ്ററോളം റോഡുമാർഗം സഞ്ചരിച്ച് ഒഡിഷയിലെ നക്സൽ ബാധിത മേഖലയിൽ നിന്ന് കുട്ടിയെ കണ്ടെത്തി രക്ഷപ്പെടുത്തി. കുറുപ്പംപടി പോലീസ് സ്റ്റേഷൻ പരിധിയിൽ നിന്ന് കാണാതായ ഒഡിഷ സ്വദേശികളായ ദമ്പതികളുടെ മകളെയാണ് സാഹസിക നീക്കത്തിലൂടെ കണ്ടെത്തിയത്.
ഓഗസ്റ്റ് 13ന് വൈകിട്ട് ആറുമണിയോടെയാണ് മകളെ കാണാനില്ലെന്ന പരാതിയുമായി മാതാപിതാക്കൾ കുറുപ്പംപടി പോലീസ് സ്റ്റേഷനിലെത്തിയത്. കുട്ടി താമസിച്ചിരുന്ന മേത്തല മേഖലയിലും സമീപ പ്രദേശങ്ങളിലും വ്യാപകമായി പരിശോധന നടത്തിയെങ്കിലും സൂചനകളൊന്നും ലഭിച്ചില്ല.
തുടർന്ന് നടത്തിയ അന്വേഷണത്തിൽ സേലത്ത് ജോലി ചെയ്യുന്ന കേശവ് എന്നയാളെക്കുറിച്ച് പോലീസിന് വിവരം ലഭിച്ചു. ഇയാളിൽ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ സേലത്തെ ഒരു കമ്പനിയിൽ ജോലി ചെയ്യുന്ന ഒഡിഷ സ്വദേശിയായ യുവാവുമായി കുട്ടിക്ക് സൗഹൃദമുണ്ടായിരുന്നതായി പോലീസ് കണ്ടെത്തി. തുടർന്ന് കുറുപ്പംപടിയിൽ നിന്നുള്ള പോലീസ് സംഘം സേലത്തെത്തി അന്വേഷണം നടത്തിയെങ്കിലും കുട്ടിയെ കണ്ടെത്താനായില്ല.
ജില്ലാ പോലീസ് മേധാവി കെ.എസ്. സുദർശന്റെ നിർദ്ദേശപ്രകാരം പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് ഒഡിഷയിലേക്ക് അയച്ചു. ഒഡിഷയിൽ നടത്തിയ അന്വേഷണത്തിലാണ് കുട്ടി അലോക് എന്ന യുവാവിനൊപ്പം ഗഞ്ചം ജില്ലയിലെ നബാഗൊച്ച ഗ്രാമത്തിലുണ്ടെന്ന നിർണായക വിവരം ലഭിച്ചത്.
പ്രദേശം നക്സൽ ബാധിത മേഖലയാണെന്നും യാത്ര ഏറെ അപകടകരമാണെന്നും മനസ്സിലാക്കിയ സംഘം ഓഗസ്റ്റ് 18ന് ഒഡിഷയിലെത്തി. പകൽ സമയത്ത് പോലീസ് വാഹനങ്ങൾക്ക് പ്രദേശത്തേക്ക് പ്രവേശിക്കുന്നത് പ്രായോഗികമല്ലെന്ന് ബഞ്ചനഗർ പോലീസ് അറിയിച്ചു. ഇതോടെ അർധരാത്രിയിൽ പ്രദേശത്തേക്ക് പോകാൻ അന്വേഷണ സംഘം തീരുമാനിച്ചു.
എസ്.എച്ച്.ഒയുടെ നേതൃത്വത്തിൽ ആയുധധാരികളായ എട്ട് പോലീസ് ഉദ്യോഗസ്ഥരെയും സംഘത്തോടൊപ്പം നിയോഗിച്ചു. രാത്രി 12 മണിയോടെ വനമേഖലയിലൂടെ ഏകദേശം 40 കിലോമീറ്റർ സഞ്ചരിച്ച സംഘം ലക്ഷ്യസ്ഥാനത്തിന് ഒരു കിലോമീറ്റർ അകലെയായി വാഹനങ്ങൾ നിർത്തി. തുടർന്ന് ഒറ്റനിരയായി കാട്ടിലൂടെ നടന്ന് പ്രദേശത്തേക്ക് പ്രവേശിച്ചു.
കാട്ടിനുള്ളിൽ സ്ഥിതിചെയ്യുന്ന അഞ്ച് വീടുകളിൽ അലോകിന്റെ വീട് കണ്ടെത്തുന്നതും ദുഷ്കരമായിരുന്നു. ഒടുവിൽ വീട് തിരിച്ചറിഞ്ഞ പോലീസ് സംഘം വീടിന് ചുറ്റും വളയം തീർത്തു. ഇതിനിടെ സമീപവാസികളും ഉണർന്നെത്തി. ചെറിയ വാക്കുതർക്കത്തിനൊടുവിൽ അലോകിനെയും കാണാതായ പെൺകുട്ടിയെയും പോലീസ് കണ്ടെത്തുകയായിരുന്നു.
സബ് ഇൻസ്പെക്ടർ കെ.എം. അബി, സീനിയർ സി.പി.ഒമാരായ എൻ.പി. ബിന്ദു, അരുൺ കെ. കരുണൻ, രജിത് രാം എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.
What's Your Reaction?