അപകടാവസ്ഥയിലുള്ള കെട്ടിടങ്ങൾ: ഉടമകളുടെ യോഗം ചേർന്ന് നീലേശ്വരം നഗരസഭ, അടിയന്തര നടപടികൾക്ക് നിർദേശം

Jul 23, 2026 - 17:36
 0
അപകടാവസ്ഥയിലുള്ള കെട്ടിടങ്ങൾ: ഉടമകളുടെ യോഗം ചേർന്ന് നീലേശ്വരം നഗരസഭ, അടിയന്തര നടപടികൾക്ക് നിർദേശം

നീലേശ്വരം: നഗരസഭാ പരിധിയിൽ അപകടാവസ്ഥയിലുള്ളതായി കണ്ടെത്തിയ കെട്ടിടങ്ങളുടെ ഉടമകളുടെ യോഗം നഗരസഭയുടെ നേതൃത്വത്തിൽ ചേർന്നു. പൊതുജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയാകുന്ന കെട്ടിടങ്ങൾ സംബന്ധിച്ച് അടിയന്തര നടപടികൾ സ്വീകരിക്കുന്നതിന്റെ ഭാഗമായാണ് യോഗം സംഘടിപ്പിച്ചത്.

രാജാ റോഡ് വികസനത്തിന്റെ ഭാഗമായി കിഫ്ബി ഏറ്റെടുക്കുന്ന കെട്ടിടങ്ങൾ ധനസഹായം ലഭിക്കുന്ന മുറയ്ക്ക് അടിയന്തരമായി പൊളിച്ചുനീക്കണമെന്ന് നഗരസഭ ചെയർമാൻ പി. പി. മുഹമ്മദ് റാഫി നിർദേശിച്ചു. അതേസമയം, അതീവ അപകടാവസ്ഥയിലുള്ള കെട്ടിടങ്ങൾ ഉടൻ അറ്റകുറ്റപ്പണി നടത്തി സുരക്ഷ ഉറപ്പാക്കണമെന്നും അദ്ദേഹം പറഞ്ഞു.

രാജാ റോഡ് വികസന പദ്ധതിയിൽ ഉൾപ്പെടാത്ത നഗരസഭയിലെ മറ്റ് അപകടാവസ്ഥയിലുള്ള കെട്ടിടങ്ങൾ ഡിസംബർ 31-നകം പൊളിച്ചുമാറ്റുന്നതിനുള്ള നടപടി സ്വീകരിക്കുമെന്ന് നഗരസഭ അധികൃതർ അറിയിച്ചു. എന്നാൽ, പൊളിച്ചുമാറ്റുന്നതിനുപകരം അറ്റകുറ്റപ്പണി നടത്തിയ കെട്ടിടങ്ങൾക്ക് സ്റ്റബിലിറ്റി സർട്ടിഫിക്കറ്റ് ഹാജരാക്കി നഗരസഭയിൽ നിന്ന് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ലഭിക്കുന്ന പക്ഷം തുടർനടപടികളിൽ നിന്ന് ഒഴിവാക്കുമെന്നും വ്യക്തമാക്കി.

പൊതുജനങ്ങളുടെ സുരക്ഷയ്ക്ക് മുൻഗണന നൽകി പരിശോധനകൾ കൂടുതൽ ശക്തമാക്കുമെന്നും നിർദേശങ്ങൾ പാലിക്കാത്തവർക്കെതിരെ നിയമാനുസൃത നടപടികൾ സ്വീകരിക്കുമെന്നും അധികൃതർ അറിയിച്ചു.

നഗരസഭ ചെയർമാൻ പി. പി. മുഹമ്മദ് റാഫിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ വൈസ് ചെയർമാൻ പി. എം. സന്ധ്യ, മരാമത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഇ. ചന്ദ്രമതി, കൗൺസിലർ പി. വി. സതീശൻ, അസിസ്റ്റന്റ് എൻജിനീയർ വിനോദ് കുമാർ, ഫയർ ഫോഴ്സ് ഉദ്യോഗസ്ഥൻ ആദർശ് അശോകൻ, നഗരസഭ റവന്യൂ ഇൻസ്പെക്ടർമാരായ രാജേഷ്, അൻവർ സാദത് എന്നിവർ സംസാരിച്ചു. നഗരസഭ സെക്രട്ടറി അനുപമ സദാനന്ദൻ സ്വാഗതം പറഞ്ഞു.

What's Your Reaction?

like

dislike

love

funny

angry

sad

wow