ആറുമാസം മുമ്പ് ദുരൂഹ സാഹചര്യത്തിൽ കാണാതായ യുവാവിനെ കർണാടകയിൽ കണ്ടെത്തി

Feb 15, 2026 - 10:47
 0
ആറുമാസം മുമ്പ് ദുരൂഹ സാഹചര്യത്തിൽ കാണാതായ യുവാവിനെ കർണാടകയിൽ കണ്ടെത്തി

കാസർകോട്: ആറുമാസം മുമ്പ് ദുരൂഹ സാഹചര്യത്തിൽ കാണാതായ യുവാവിനെ കർണാടകയിൽ കണ്ടെത്തി. ഉപ്പള സോങ്കാൽ പ്രദീപ് നഗറിലെ ശിവനന്ദന്റെ മകൻ കൃപേഷിനെ (23)യാണ് ഷിമോഗ കളസയിൽ കണ്ടെത്തിയത്. ഹൈക്കോടതി നിർദ്ദേശപ്രകാരം ജില്ലാ പോലീസ് മേധാവി വിജയ് ഭരത് റെഡ്ഡിയുടെ കീഴിൽ രൂപീകരിച്ച സ്പെഷ്യൽ സ്ക്വാഡ് നടത്തിയ അന്വേഷണത്തിലാണ് ഇയാളെ കണ്ടെത്തിയത്. 2025 സെപ്റ്റംബർ 24ന് രാവിലെ 10 മണിക്കാണ് ഉപ്പളയിലെ കെ എം സൂപ്പർമാർക്കറ്റിൽ ജോലിക്കാരനായ കൃപേഷിനെ കാണാതായത്. കടയിൽ നിന്നു മെഡിക്കൽ ഷോപ്പിലേക്ക് പോകുന്നുവെന്ന് പറഞ്ഞു പോയശേഷം തിരിച്ചെത്തിയില്ലെന്ന് കാണിച്ച് പിതാവ് നൽകിയ പരാതിയിൽ മഞ്ചേശ്വരം പോലീസ് കേസെടുത്തിരുന്നു. ഒരു വാഹനാപകടവുമായി ബന്ധപ്പെട്ട് കൃപേഷ് പത്തായിരം രൂപ കൊടുക്കാൻ ഉണ്ടായിരുന്നുവത്രെ. ഇതിനിടയിലാണ് യുവാവിനെ കാണാതായത് കർണാടകയിലും ആന്ധ്രയിലും പോലീസ് അന്വേഷണം നടത്തിയെങ്കിലും കൃപേഷിനെ കണ്ടെത്താൻ കഴിഞ്ഞില്ല ഇതിനിടയിൽ മകനു ഭീഷണി ഉണ്ടായിരുന്നുവെന്നും തട്ടിക്കൊണ്ടു പോയതായിരിക്കുമെന്നും കാണിച്ച് മാതാവ് ഹൈക്കോടതിയിൽ ഹേബിയസ് കോർപ്പസ് ഹർജി നൽകി. ഹൈക്കോടതി നിർദ്ദേശപ്രകാരമാണ് ജില്ലാ പോലീസ് മേധാവി പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചത്. കാണാതായതിനു ശേഷം കൃപേഷ് മൊബൈൽ ഫോൺ ഉപയോഗിച്ചിരുന്നില്ല. ഇതിനിടയിൽ മറ്റൊരാളുടെ ഫോണിൽ നിന്നും തന്റെ ഫേസ്ബുക്ക് അക്കൗണ്ട് തുറന്നതായി അന്വേഷണസംഘം കണ്ടെത്തിയതോടെയാണ് കേസിന് തുമ്പുണ്ടായത്. കൃപേഷ് കർണാടകയിലെ ഷിമോഗയിൽ ഉള്ളതായും പോലീസ് സ്ഥിരീകരിച്ചു. ഇതുപ്രകാരം പോലീസ് സംഘം അവിടെയെത്തി നടത്തിയ അന്വേഷണത്തിൽ കൃപേഷ് കോൺക്രീറ്റ് ജോലി ചെയ്തു വരുന്നതായി സ്ഥിരീകരിച്ചു. കോൺക്രീറ്റ് മേസ്ത്രിയെയും കണ്ടെത്തി വിവരങ്ങൾ ധരിപ്പിച്ച് യുവാവിനെ കണ്ടെത്തുകയായിരുന്നു. മഞ്ചേശ്വരം പോലീസ് സ്റ്റേഷനിലെ പോലീസുകാരായ ദിനേശ്, മനു, ചന്ദ്രകാന്ത്, സന്ദീപ് എന്നിവരാണ് സ്ക്വാഡിൽ ഉണ്ടായിരുന്നത്.

What's Your Reaction?

like

dislike

love

funny

angry

sad

wow