ഉറക്കത്തിൽ പാമ്പുകടിയേറ്റ് എട്ടു വയസ്സുകാരൻ മരിച്ചു; സഹോദരൻ ചികിത്സയിൽ
തൃശ്ശൂർ: മാതാവിനൊപ്പം കിടന്നുറങ്ങുന്നതിനിടെ തൃശ്ശൂർ കോടാലിയിൽ എട്ടുവയസ്സുകാരൻ പാമ്പ് കടിയേറ്റ് മരിച്ചു. കോടാലി കാവുങ്ങൽ സില്‍ജോ-ജോൺസി ദമ്പതികളുടെ ഇളയ മകൻ ആൽജോ ആണ് മരിച്ചത്. മൂത്ത സഹോദരൻ അനോജിനും കടിയേറ്റു എന്ന് സംശയിക്കുന്നു. സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ് കുട്ടികൾ. കടമ്പോട് എ എൽ പി സ്കൂൾ രണ്ടാം ക്ലാസ് വിദ്യാർത്ഥിയാണ് മരിച്ച ആൽജോ.
ഭക്ഷ്യവിഷബാധയേറ്റെന്ന സംശയത്തെ തുടർന്നാണ് ആശുപത്രിയിൽ കൊണ്ടുവന്നത്. പുലർച്ചയോടെ അബോധാവസ്ഥയിൽ ആയെന്നും ഉടൻതന്നെ ആശുപത്രിയിൽ എത്തിച്ചെന്നും മാതാവ് പറഞ്ഞു പുലർച്ചെ അഞ്ചര മണിയോടെയാണ് മാതാവ് കുട്ടികളെ അവശനിലയിൽ കണ്ടത്. ഉടനെ ബൈക്കിൽ രണ്ടു കുട്ടികളുമായി സമീപത്തെ ആംബുലൻസ് ഡ്രൈവറുടെ വീട്ടിലെത്തി. തുടർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും ആൽജോ മരിച്ചിരുന്നു.
കുട്ടിയുടെ മരണത്തിന് പിന്നാലെ വീട്ടിൽ നടത്തിയ പരിശോധനയിലാണ് പാമ്പിനെ കണ്ടെത്തിയത്. കുട്ടികൾ കിടന്നിരുന്ന കിടക്കയിൽ തലയിണയുടെ അടിയിൽ നിന്നാണ് പാമ്പിനെ കണ്ടെത്തിയത്. വിശദ പരിശോധനയിൽ കുട്ടിയുടെ ദേഹത്ത് പാമ്പുകടിയേറ്റ അടയാളം കണ്ടെത്തി. വെള്ളിക്കെട്ടൻ ഇനത്തിൽപ്പെടുന്ന പാമ്പിനെയാണ് കണ്ടെത്തിയത്. മരിച്ച കുട്ടിയുടെ പോസ്റ്റ്മോർട്ടം റിപ്പോർട്ട് വന്നാലേ കൂടുതൽ കാര്യങ്ങൾ ലഭ്യമാകൂ.
പുലർച്ചെ രണ്ടോടെ വയറുവേദന എന്ന് പറഞ്ഞ് രണ്ട് കുട്ടികളും ഉണർന്നിരുന്നു. തുടർന്ന് ചൂടുവെള്ളം തിളപ്പിച്ചു കൊടുത്തു. തലേന്ന് പുറത്തുപോവുകയും തിരിച്ചുവന്ന് ജ്യൂസ് ഉണ്ടാക്കി കഴിക്കുകയും ചെയ്തിരുന്നു. ഇതാണ് ഭക്ഷ്യ വിഷബാധയെന്ന് ആദ്യം സംശയിക്കാൻ കാരണം. ആൽജോയിക്കും അനോജിനും ഒരു സഹോദരി കൂടിയുണ്ട്. കഴിഞ്ഞദിവസം മൂവരും മാതാവിനൊപ്പം ഒരു ബന്ധുവീട്ടിൽ പോയിരുന്നു. തുടർന്ന് സഹോദരി അവിടെ നിൽക്കുകയും ആൽജോയും അനോണ്ടും അമ്മക്കൊപ്പം തിരികെ വീട്ടിലേക്ക് വരികയുമായിരുന്നു.
What's Your Reaction?