ബസ്സിന് മുന്നിൽ കാറോടിച്ച് മാർഗ്ഗ തടസ്സം സൃഷ്ടിച്ച യുവാവിന്റെ ലൈസൻസ് സസ്പെൻഡ് ചെയ്തു
കാഞ്ഞങ്ങാട്: കെഎസ്ആർടിസി സൂപ്പർ ഫാസ്റ്റ് ബസിന് മുന്നിൽ അപകരമായി വാഹനമോടിച്ച് 12 കിലോമീറ്ററോളം ഗതാഗത തടസ്സം സൃഷ്ടിച്ച കാർ ഡ്രൈവറുടെ ലൈസൻസ് സസ്‌പെന്റ്ചെയ്തു. കൂടാതെ എടപ്പാൾ ഡ്രൈവർ ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ടിൽ അഞ്ചുദിവസത്തെ നിർബന്ധിത പരിശീലനവും നേടണം. ചെറുവത്തൂർ തിമിരിയിലെ ഷാഹിദ് ശുഹൈലി(29)നെതിരെയാണ് നടപടി. ഇതിന്നു പുറമെ കോടതിയിൽ പിഴ കൊടുക്കേണ്ടതായും വരും. ഞായറാഴ്ച കാസർകോട് നിന്ന് കാഞ്ഞങ്ങാട്ടേക്ക് വരികയായിരുന്ന ബസ്സിനു മുന്നിലായിരുന്നു ഡ്രൈവറുടെ പ്രകടനം. ഇതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. വീഡിയോ സഹിതം കെഎസ്ആർടിസി നൽകിയ പരാതിയിലാണ് നടപടി. കാഞ്ഞങ്ങാട് അസി: മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ പ്രവീൺകുമാർ, കെ അഭിലാഷ് എന്നിവരാണ് നടപടിക്കായി ശുപാർശ ചെയ്തത്.
What's Your Reaction?