ഏഴാം ക്ലാസ് വിദ്യാർത്ഥിനിയെ പീഡിപ്പിച്ച ബസ് കണ്ടക്ടർക്ക് 62 വർഷം കഠിനതടവ്
ആലപ്പുഴ: വിദ്യാർഥിനിയെ ബസിനുള്ളിൽ പീഡിപ്പിച്ച കേസിൽ ബസ് കണ്ടക്ടർക്കു ദീർഘകാല തടവ് ശിക്ഷ. ഭരണിക്കാവ് വെട്ടിക്കോട് വലിയകുന്നത്ത് വീട്ടിൽ അരുൺ ബാബു(31)വിനെയാണ് ഹരിപ്പാട് അതിവേഗ പോക്സോ കോടതി 62 വർഷം കഠിന തടവിനും 3.70 ലക്ഷം രൂപ പിഴക്കും ശിക്ഷിച്ചത്.
2022-ൽ നടന്ന കേസിലാണ് ശിക്ഷ. സ്കൂളിലേക്ക് സ്ഥിരമായി യാത്ര ചെയ്തിരുന്ന ബസിലെ കണ്ടക്ടറായിരുന്ന പ്രതി, വിവാഹിതനായിരിക്കെ പെൺകുട്ടിയെ പ്രണയം നടിച്ച് കായംകുളത്തേക്ക് കൊണ്ടുപോയി ബസിനുള്ളിൽ വച്ച് പീഡിപ്പിച്ചതായി അന്വേഷണത്തിൽ തെളിഞ്ഞു.
ചെങ്ങന്നൂർ പോലീസ് രജിസ്റ്റർ ചെയ്ത കേസ് പിന്നീട് കായംകുളം പോലീസിന് കൈമാറി. പ്രതിയെ അറസ്റ്റ് ചെയ്ത കായംകുളം പോലീസ് അന്വേഷണത്തിന് ശേഷം കുറ്റപത്രം സമർപ്പിച്ചു. കേസിൽ പ്രോസിക്യൂഷൻ ഭാഗത്ത് നിന്ന് 23 സാക്ഷികളെ കോടതി പരിശോധിച്ചു.
പിഴ അടയ്ക്കാത്ത പക്ഷം പ്രതിക്ക് നാലര വർഷം കൂടി അധിക തടവ് അനുഭവിക്കേണ്ടിവരും. ചെങ്ങന്നൂർ സി.ഐ ജോസ് മാത്യു രജിസ്റ്റർ ചെയ്ത കേസിൽ കായംകുളം സി.ഐ വൈ. മുഹമ്മദ് ഷാഫിയാണ് അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ചത്.
What's Your Reaction?