കാഞ്ഞങ്ങാട് പള്ളിക്കര സ്കൂളിൽ സംഘർഷം; പോലീസിനെ ആക്രമിച്ചെന്ന കേസിൽ അഞ്ച് പേർ കസ്റ്റഡിയിൽ
കാഞ്ഞങ്ങാട്: പള്ളിക്കര ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ ലഹരിവിരുദ്ധ സന്ദേശവുമായി എത്തിയ സംഘവും പോലീസും തമ്മിൽ സംഘർഷമുണ്ടായി. സംഭവത്തിൽ നിരവധി പോലീസ് ഉദ്യോഗസ്ഥർക്ക് പരിക്കേറ്റതായും അഞ്ച് പേരെ ബേക്കൽ പോലീസ് കസ്റ്റഡിയിലെടുത്തതായും പോലീസ് അറിയിച്ചു.
ചൊവ്വാഴ്ച വൈകിട്ട് 4.30ഓടെയാണ് സംഭവം. "ലഹരി വേൾഡ് കപ്പ് ഫുട്ബോൾ" എന്ന സന്ദേശവുമായി പുറത്തുനിന്നെത്തിയ സംഘം ആവശ്യമായ അനുമതിയില്ലാതെ സ്കൂൾ ഗ്രൗണ്ടിൽ പ്രവേശിച്ച് കാർ റൈസിംഗ് നടത്തിയെന്നാണ് പരാതി. ഇത് സ്കൂൾ അധികൃതർ ചോദ്യം ചെയ്യുകയും തുടർന്ന് പോലീസിനെ വിവരമറിയിക്കുകയുമായിരുന്നു.
പോലീസ് സ്ഥലത്തെത്തി ഇടപെടുന്നതിനിടെയാണ് സംഘർഷമുണ്ടായതെന്ന് പോലീസ് അറിയിച്ചു. ബേക്കൽ പോലീസ് ഇൻസ്പെക്ടർ എം. കെ. അനിൽകുമാറിന്റെ ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തിയതായും പോലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ചതായും കേസിൽ ആരോപിക്കുന്നു.
സംഭവത്തിൽ പ്രമോഷൻ എസ്.ഐ. പ്രിൻസ് ജോണിനും പോലീസ് ഡ്രൈവർ കൃഷ്ണനുണ്ണി, സിവിൽ പോലീസ് ഓഫീസർ അർജുൻ എന്നിവർക്കും ഉൾപ്പെടെ പരിക്കേറ്റു. പരിക്കേറ്റ ഉദ്യോഗസ്ഥരെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എസ്.ഐ. പ്രിൻസ് ജോണിന് നെഞ്ചിനും കൈക്കും പരിക്കേറ്റതായും സംഭവസ്ഥലത്ത് വെച്ച് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതായും പോലീസ് അറിയിച്ചു.
പി. അബ്ദുൽ ഖാദർ (23), മുഹമ്മദ് ഷിജാസ് (26), ഇസ്തിയാഖ് മഹ്മൂദ് (25), മുഹമ്മദ് യാസ് (26), സി. വി. തസ്ലീം (29) എന്നിവരെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. ഇവർക്കെതിരെ വിവിധ വകുപ്പുകൾ പ്രകാരം കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
സംഘർഷസമയത്ത് എട്ടോളം പേർ സംഘത്തിലുണ്ടായിരുന്നതായും സംഭവത്തിൽ ഉപയോഗിച്ച ആറു കാറുകൾ പോലീസ് കസ്റ്റഡിയിലെടുത്തതായും അധികൃതർ അറിയിച്ചു. സംഭവത്തിൽ ബേക്കൽ പോലീസ് അന്വേഷണം തുടരുകയാണ്.
What's Your Reaction?