കോടികൾ ചെലവിട്ട ടി എസ് തിരുമുമ്പ് സാംസ്കാരിക സമുച്ചയം പൂട്ടിക്കിടക്കുന്നു

Jul 22, 2026 - 09:08
 0
കോടികൾ ചെലവിട്ട ടി എസ് തിരുമുമ്പ് സാംസ്കാരിക സമുച്ചയം പൂട്ടിക്കിടക്കുന്നു

മടിക്കൈ: കാസർഗോഡിന്റെ കലാ-സാംസ്കാരിക പൈതൃകം ലോകത്തിന് മുന്നിൽ അവതരിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ കേരള സാംസ്കാരിക വകുപ്പ് മടിക്കൈ അമ്പലത്തുകരയിൽ നിർമ്മിച്ച ടി.എസ്. തിരുമുമ്പ് സാംസ്കാരിക സമുച്ചയം നിർമ്മാണം പൂർത്തിയായിട്ടും പ്രവർത്തനം ആരംഭിക്കാത്തതിൽ പ്രതിഷേധം ശക്തമാകുന്നു. ഭക്തകവിയും "പാടുന്ന പടവാൾ" എന്നറിയപ്പെട്ടിരുന്ന ടി.എസ്. തിരുമുമ്പിന്റെ സ്മരണയ്ക്കായി ഒരുക്കിയ സമുച്ചയമാണ് സാങ്കേതിക കാരണങ്ങൾ ചൂണ്ടിക്കാട്ടി പൊതുജനങ്ങൾക്ക് തുറന്നുകൊടുക്കാതെ കിടക്കുന്നത്.

സമുച്ചയത്തിന്റെ സ്ഥലനിർണയ ഘട്ടം മുതൽ വിവാദം നിലനിന്നിരുന്നു. തിരുമുമ്പിന്റെ ശവകുടീരം സ്ഥിതി ചെയ്യുന്ന ചാളക്കടവ്–മേക്കാട്ട് ഭാഗത്താണ് സമുച്ചയം നിർമിക്കേണ്ടതെന്ന പ്രദേശവാസികളുടെ ആവശ്യം പരിഗണിക്കാതെയാണ് അമ്പലത്തുകരയിൽ പദ്ധതി നടപ്പാക്കിയതെന്നാണ് ആക്ഷേപം. അമ്പലത്തുകരയ്ക്കു പകരം മറ്റൊരു അനുയോജ്യമായ സ്ഥലമായിരുന്നെങ്കിൽ സമുച്ചയം ഇതിനോടകം കൂടുതൽ ശ്രദ്ധ നേടിയേനെയെന്നും അഭിപ്രായമുണ്ട്.

അമ്പലത്തുകര ഹയർ സെക്കൻഡറി സ്കൂളിന്റെ മൈതാനത്താണ് സമുച്ചയം നിർമ്മിച്ചിരിക്കുന്നത്. ഇതോടെ സ്കൂളിന്റെ പ്രധാന കളിസ്ഥലം നഷ്ടമായതായും നാട്ടുകാർ ചൂണ്ടിക്കാട്ടുന്നു.

3.77 ഏക്കർ സ്ഥലത്ത് 41.95 കോടി രൂപയുടെ എസ്റ്റിമേറ്റിൽ ആരംഭിച്ച പദ്ധതി പൂർത്തിയായപ്പോൾ ചെലവ് ഏകദേശം 52 കോടിയായി. 69,250 ചതുരശ്ര അടി വിസ്തൃതിയിലുള്ള സമുച്ചയത്തിൽ വിവര വിതരണ കേന്ദ്രം, സ്മാരക ഹാൾ, ഗ്രന്ഥശാല, സുവനീർ വിൽപ്പനശാല, പ്രദർശനശാല, ബ്ലാക്ക് ബോക്സ് തിയേറ്റർ, സെമിനാർ ഹാൾ, പഠനമുറികൾ, കലാകാരൻമാർക്കുള്ള ശിൽപ്പശാലകൾ, ഓഡിറ്റോറിയം, ഗോത്രകലാ മ്യൂസിയം, ഫോക് ലോർ സെന്റർ, കഫറ്റീരിയ, 650 പേർക്ക് ഇരിക്കാവുന്ന ഓപ്പൺ എയർ തിയേറ്റർ എന്നിവ ഉൾപ്പെടെ വിപുലമായ സൗകര്യങ്ങളാണ് ഒരുക്കിയിട്ടുള്ളത്.

എന്നാൽ പാർക്കിങ് സൗകര്യം ഒരുക്കാത്തതിനാൽ പ്രവർത്തനാനുമതി ലഭിച്ചിട്ടില്ലെന്നാണ് വിവരം. എസ്റ്റിമേറ്റിൽ പാർക്കിങ് ഏരിയ ഉൾപ്പെടുത്തിയിരുന്നെങ്കിലും നിർമ്മാണഘട്ടത്തിൽ അത് ഒഴിവാക്കിയതായാണ് അറിയുന്നത്. നിർമ്മാണം പുരോഗമിക്കവേ 2020-ലെ കോവിഡ് കാലത്ത് സമുച്ചയത്തിന്റെ ഓൺലൈൻ ഉദ്ഘാടനം നടത്തിയിരുന്നെങ്കിലും ഇതുവരെ സാംസ്കാരിക വകുപ്പിന് പദ്ധതി ഔദ്യോഗികമായി കൈമാറിയിട്ടില്ല.

കോടികൾ ചെലവഴിച്ച് നിർമ്മിച്ച സാംസ്കാരിക സമുച്ചയം കെടുകാര്യസ്ഥതയുടെ ഉദാഹരണമായി മാറുകയാണെന്ന വിമർശനമാണ് ഉയരുന്നത്. പാർക്കിങ് ഉൾപ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങളുടെ പ്രശ്നങ്ങൾ പരിഹരിച്ച് അധികൃതർ സമുച്ചയം എത്രയും പെട്ടെന്ന് പ്രവർത്തനസജ്ജമാക്കി പൊതുജനങ്ങൾക്ക് തുറന്നുകൊടുക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

What's Your Reaction?

like

dislike

love

funny

angry

sad

wow