കോട്ടരുവത്ത് വീണ്ടും മണ്ണിടിച്ചിൽ; കാറിന് മുകളിലേക്ക് പാറയും മണ്ണും പതിച്ച് രണ്ട് പേർക്ക് പരിക്ക്
കാസർഗോഡ്: കാസർഗോഡ്–കാഞ്ഞങ്ങാട് സംസ്ഥാനപാതയിലെ കോട്ടരുവത്ത് ഉണ്ടായ വൻ മണ്ണിടിച്ചിലിൽ കാറിന് മുകളിലേക്ക് പാറയും മണ്ണും പതിച്ച് കാർ യാത്രികനും സ്കൂട്ടർ യാത്രികനും പരിക്കേറ്റു. സംഭവസമയത്ത് കാറിൽ അഞ്ച് പേരുണ്ടായിരുന്നതായാണ് വിവരം. വലിയൊരു ദുരന്തമാണ് ഭാഗ്യംകൊണ്ട് ഒഴിവായത്.
മണ്ണിടിച്ചിലിന്റെ ആഘാതത്തിൽ കാറിന് സാരമായ കേടുപാടുകൾ സംഭവിച്ചു. പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരുടെ പരിക്ക് ഗുരുതരമല്ലെന്നാണ് പ്രാഥമിക വിവരം.
മുൻപും നിരവധി തവണ മണ്ണിടിച്ചിൽ ഉണ്ടായിട്ടുള്ള പ്രദേശമാണിത്. അപകടസാധ്യത കണക്കിലെടുത്ത് അധികൃതർ ഇവിടെ കോൺക്രീറ്റ് സംരക്ഷണ ഭിത്തി നിർമിച്ചിരുന്നെങ്കിലും, ഭിത്തിയെ മറികടന്നാണ് ഇത്തവണ മണ്ണും വലിയ പാറക്കല്ലുകളും റോഡിലേക്ക് ഇടിഞ്ഞുവീണത്. സംഭവത്തെ തുടർന്ന് സംസ്ഥാനപാതയിൽ ഗതാഗതം താൽക്കാലികമായി തടസ്സപ്പെട്ടു.
What's Your Reaction?