തായന്നൂരിൽ സിപിഎം ലോക്കൽ കമ്മിറ്റി ഓഫീസിന് നേരെ ആക്രമണം; ജനൽച്ചില്ലുകൾ തകർത്തു, കൊടിമരങ്ങൾ നശിപ്പിച്ചു
തായന്നൂർ: എണ്ണപ്പാറയിലെ സിപിഎം തായന്നൂർ ലോക്കൽ കമ്മിറ്റി ഓഫീസിന് നേരെ അജ്ഞാതരുടെ ആക്രമണം. ഓഫീസിന്റെ ജനൽച്ചില്ലുകൾ തകർക്കുകയും കൊടിമരം നശിപ്പിക്കുകയും ചെയ്തതോടൊപ്പം, എണ്ണപ്പാറ ടൗണിലെ സിഐടിയു, സിപിഎം കൊടിമരങ്ങളും തകർത്തതായി പരാതി.
ഇന്നലെ രാത്രി നടന്ന ആക്രമണത്തിൽ, സിപിഎം ലോക്കൽ കമ്മിറ്റി ഓഫീസ് പ്രവർത്തിക്കുന്ന എ.കെ.ജി മന്ദിരത്തിനും ടി.കെ. ശ്രീധരൻ സ്മാരക ഹാൾ കെട്ടിടത്തിനും കേടുപാടുകൾ സംഭവിച്ചു. ഓഫീസിലെ എട്ടോളം ജനൽച്ചില്ലുകൾ തകർത്ത നിലയിലാണ് കണ്ടെത്തിയത്.
സംഭവത്തിന് പിന്നിൽ ബിജെപിയാണെന്ന് സിപിഎം ആരോപിച്ചു. തായന്നൂർ ലോക്കൽ സെക്രട്ടറി ഇ. ബാലകൃഷ്ണൻ അമ്പലത്തറ പോലീസിൽ പരാതി നൽകി. ആക്രമണത്തിൽ ഏകദേശം ഒരു ലക്ഷം രൂപയുടെ നാശനഷ്ടമുണ്ടായതായി പരാതിയിൽ പറയുന്നു. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.
What's Your Reaction?