അതിശക്തമായ കാലവർഷം: മേൽപ്പറമ്പ് കീഴൂരിൽ വീട് തകർന്നു; കിടപ്പുരോഗിയുൾപ്പെടെ അഞ്ചംഗ കുടുംബം അത്ഭുതകരമായി രക്ഷപ്പെട്ടു
മേൽപറമ്പ്: അതിശക്തമായ കാലവർഷത്തെ തുടർന്ന് മേൽപ്പറമ്പ് കീഴൂരിൽ വീട് തകർന്നു. വീട്ടിലുണ്ടായിരുന്ന കിടപ്പുരോഗിയുൾപ്പെടെ അഞ്ചംഗ കുടുംബം അത്ഭുതകരമായി രക്ഷപ്പെട്ടു.
ഇന്ന് പുലർച്ചെ നാല് മണിയോടെയായിരുന്നു സംഭവം. ഉറക്കത്തിനിടയിൽ വീടിന്റെ മേൽക്കൂര തകർന്നുവീഴുന്ന ശബ്ദം കേട്ട് വീട്ടിലുണ്ടായിരുന്നവർ പുറത്തേക്കിറങ്ങിയതോടെയാണ് വലിയ ദുരന്തം ഒഴിവായത്.
കീഴൂർ കടപ്പുറത്തെ സുബ്രഹ്മണ്യ മഠത്തിന് പിന്നിലെ കുഞ്ഞികൃഷ്ണന്റെ ഓടിട്ട വീടാണ് തകർന്നത്. വീട്ടുടമ കുഞ്ഞികൃഷ്ണൻ, ഭാര്യ ശാരിക, കിടപ്പുരോഗിയായ സഹോദരൻ ഷാജി, മക്കളായ സച്ചു, കിച്ചു എന്നിവരാണ് സംഭവസമയത്ത് വീട്ടിലുണ്ടായിരുന്നത്.
സംഭവമറിഞ്ഞ് അധികൃതർ സ്ഥലത്തെത്തി സ്ഥിതിഗതികൾ വിലയിരുത്തി. കുടുംബത്തെ സുരക്ഷിത സ്ഥലത്തേക്ക് മാറ്റിപ്പാർപ്പിക്കാനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ട്.
What's Your Reaction?