ഗോപിനാഥ് മുതുകാടിന്റെ മടിക്കൈ സെന്ററിന് 23ന് മുഖ്യമന്ത്രി തുടക്കം കുറിക്കും.

തിരുവനന്തപുരം ഡിഫറന്റ് ആർട്ട് സെന്ററിന്റെ മാതൃകയെ ആസ്പദമാക്കി വിപുലീകരിച്ച സംവിധാനങ്ങളാണ് കാഞ്ഞങ്ങാട് മടിക്കൈയിൽ 20 ഏക്കർ സ്ഥലത്ത് ഒരുങ്ങുന്നത്.

Feb 20, 2025 - 18:17
 0
ഗോപിനാഥ് മുതുകാടിന്റെ മടിക്കൈ സെന്ററിന് 23ന് മുഖ്യമന്ത്രി തുടക്കം കുറിക്കും.

മടിക്കൈ: പ്രൊഫസർ ഗോപിനാഥ് മുതുകാടിന്റെ നേതൃത്വത്തിൽ ഭിന്നശേഷിക്കാരുടെ സമഗ്ര വികാസത്തിനായി മടിക്കൈയിൽ ആരംഭിക്കുന്ന ഇന്റർനാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ പീപ്പിൾ വിത്ത് ഡിസെബിലിറ്റിസ് (ഐ ഐ പി ഡി) സംരംഭത്തിന്റെ നിർമ്മാണോദ്ഘാടനം ഫെബ്രുവരി 23 നടക്കും.

കാഞ്ഞങ്ങാട് പാലേടിയം ഓഡിറ്റോറിയത്തിൽ വൈകിട്ട് 5:30ന് നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ പദ്ധതിയുടെ മാസ്റ്റർ പ്ലാൻ അനാച്ഛാദനം ചെയ്യും.

 ഗായിക കെ എസ് ചിത്ര മുഖ്യാതിഥിയാകും.

 തിരുവനന്തപുരം ഡിഫറന്റ് ആർട്ട് സെന്ററിന്റെ മാതൃകയെ ആസ്പദമാക്കി വിപുലീകരിച്ച സംവിധാനങ്ങളാണ് കാഞ്ഞങ്ങാട് മടിക്കൈയിൽ 20 ഏക്കർ സ്ഥലത്ത് ഒരുങ്ങുന്നത്.

 അന്തർദേശീയ നിലവാരത്തിലുള്ള കലാകായിക പരിശീലന സംവിധാനങ്ങൾ, അത്യാധുനിക തെറാപ്പി സൗകര്യങ്ങൾ, പേഴ്സണലൈസഡ് അസിസ്റ്റീവ് ഡിവൈസ് യൂണിറ്റുകൾ, തൊഴിൽ പരിശീലന കേന്ദ്രങ്ങൾ, മെഡിക്കൽ സൗകര്യങ്ങൾ, ട്രെയിനിങ് സെന്ററുകൾ തുടങ്ങിയവ കാഞ്ഞങ്ങാട് ഐഐപിഡിയിൽ ഉണ്ടാകും.

 ഇന്ത്യയിൽ ആദ്യമായാണ് ഇത്രയധികം വിഭാഗങ്ങൾ ഒരുമിച്ച് ചേരുന്ന സംരംഭം നടപ്പിലാകുന്നത്. എൻഡോസൾഫാൻ ദുരിതാബാധിതരടക്കം സംസ്ഥാനത്തെ നിരവധി കുട്ടികൾക്ക് ആശ്രയമാകുന്ന തരത്തിലാണ് സെന്റർ നിർമ്മിക്കുന്നത്.

 100 കോടി രൂപയുടെ പദ്ധതിയാണ് ആസൂത്രണം ചെയ്യുന്നത്. ആദ്യഘട്ട നിർമ്മാണ പ്രവർത്തനങ്ങൾ 2026ൽ പൂർത്തീകരിക്കുവാനാണ് ഉദ്ദേശിക്കുന്നത്.

 2029 ഓടുകൂടി പദ്ധതിപൂർണ്ണമായും പ്രവർത്തനസജ്ജമാകും. പദ്ധതി പൂർത്തിയാകുന്നതോടെ ഇന്ത്യയിലെ ഏറ്റവും വലിയ ഭിന്നശേഷിക്കാർക്കുള്ള സ്ഥാപനമായി ഐ ഐ പി ഡി മാറും.

 പ്രതിവർഷം 500 ഭിന്നശേഷിക്കാർക്ക് വിവിധ മേഖലകളിൽ പരിശീലനം നൽകുന്ന രീതിയിലാണ് ക്യാമ്പസ് ക്രമീകരിച്ചിരിക്കുന്നത്. ലോകത്തെവിടെന്നുമുള്ള ഭിന്നശേഷിക്കാർക്ക് സെന്ററിലെ സേവനങ്ങൾ ലഭിക്കും.

 തിരുവനന്തപുരം ഡിഫറെന്റ് ആർട്ട് സെന്ററിലേക്ക് പ്രവേശനം നേടുന്നതിനായി നിരവധി അപേക്ഷകളാണ് നിലവിലുള്ളത്. സെന്ററിന്റെ പ്രവർത്തനങ്ങൾ മനസ്സിലാക്കി കേരളത്തിനകത്തും പുറത്തുനിന്നും ലഭിക്കുന്ന നിരവധി അപേക്ഷകളെ പരിഗണിക്കുവാനുള്ള ഭൗതിക സാഹചര്യങ്ങൾ സെന്ററിൽ നിലവിലില്ല.

 എൻഡോസൾഫാൻ ദുരിതമേഖലയിൽ നിന്നാണ് ഏറ്റവും കൂടുതൽ അപേക്ഷകൾ ഉള്ളത്. ഡിഫറെന്റ് ആർട്ട് സെന്റർ മോഡലിന്റെ പ്രാധാന്യം കൂടുതൽ ഇടങ്ങളിലേക്ക് വ്യാപിപ്പിക്കണമെന്ന് ഈ രംഗത്തെ പ്രമുഖരും, വിദഗ്ധരും അഭിപ്രായപ്പെടുന്നു. ഇത്തരം സാഹചര്യങ്ങൾ കൂടി പരിഗണിച്ചാണ് വിപുലമായ ക്രമീകരണങ്ങളുടെ കാഞ്ഞങ്ങാട് പദ്ധതി ആരംഭിക്കുന്നതെന്ന് ഇന്നുച്ചക്ക് പ്രൊഫസർ ഗോപിനാഥ് മുതുകാട് പറഞ്ഞു

What's Your Reaction?

like

dislike

love

funny

angry

sad

wow