ജി.എസ്.ടി പിടിച്ചെടുത്ത അടക്ക ലോഡ് വിട്ടുകിട്ടാൻ 46.18 ലക്ഷം പിഴ
അമ്പലത്തറ: നികുതി വെട്ടിച്ച് അനധികൃതമായി കടത്തുകയായിരുന്ന ഉണങ്ങിയ അടക്കയുടെ ഒരു ലോഡ്, ഏഴര മാസത്തിന് ശേഷം പിഴയടച്ച് ഉടമകൾ തിരിച്ചെടുത്തു. ജി.എസ്.ടി എൻഫോഴ്സ്മെന്റ് വിഭാഗം പിടികൂടി അമ്പലത്തറ പോലീസിന് കൈമാറിയിരുന്ന ലോഡാണ് 46,18,900 പിഴ അടച്ചതിനെ തുടർന്ന് വിട്ടുനൽകിയത്.
കഴിഞ്ഞ വർഷം ഡിസംബറിലാണ് ദേശീയപാതയോരത്ത് നിർത്തിയിട്ടിരുന്ന നാഷണൽ പെർമിറ്റ് ലോറി ജി.എസ്.ടി എൻഫോഴ്സ്മെന്റ് ഇന്റലിജൻസ് വിങ് ഉദ്യോഗസ്ഥർ പരിശോധനയ്ക്ക് വിധേയമാക്കിയത്. സംശയം തോന്നി നടത്തിയ പരിശോധനയിലാണ് നികുതി വെട്ടിച്ച് കടത്തിയ ഉണങ്ങിയ അടക്ക കണ്ടെത്തിയത്.
ലോറിയിലുണ്ടായിരുന്ന രേഖകൾ പ്രകാരം അടക്ക വിൽപ്പന നടത്തിയതായി കാണിച്ചിരുന്ന ബദിയടുക്കയിലെ സ്ഥാപനത്തെക്കുറിച്ച് നടത്തിയ അന്വേഷണത്തിൽ അത്തരമൊരു സ്ഥാപനം നിലവിലില്ലെന്ന് ഉദ്യോഗസ്ഥർ കണ്ടെത്തി. തുടർന്ന് 380 ചാക്കുകളിലായി ഉണ്ടായിരുന്ന 24,700 കിലോഗ്രാം ഉണങ്ങിയ അടക്ക പിടിച്ചെടുത്ത് അമ്പലത്തറ പോലീസിന് കൈമാറുകയായിരുന്നു.
പിടിച്ചെടുത്ത ചരക്കിന് ഏകദേശം ഒരു കോടി രൂപ വിലവരുമെന്ന് ജി.എസ്.ടി ഉദ്യോഗസ്ഥർ അന്ന് വ്യക്തമാക്കിയിരുന്നു. ബില്ലിൽ ഏകദേശം ₹40 ലക്ഷം മാത്രമാണ് രേഖപ്പെടുത്തിയിരുന്നത്. അതനുസരിച്ച് അടയ്ക്കേണ്ട ജി.എസ്.ടി ഏകദേശം 2 ലക്ഷം മാത്രമായിരുന്നുവെങ്കിലും നികുതി വെട്ടിപ്പ് കണ്ടെത്തിയതിനെ തുടർന്നാണ് 46,18,900 പിഴ ചുമത്തിയത്.
ലോഡിന്റെ അവകാശികൾ ചരക്ക് വിട്ടുകിട്ടുന്നതിനായി കോടതിയെ സമീപിച്ചെങ്കിലും അനുകൂല ഉത്തരവ് ലഭിച്ചിരുന്നില്ല. ഒടുവിൽ പിഴത്തുക പൂർണമായി അടച്ചതിനെ തുടർന്നാണ് ഏഴര മാസത്തിന് ശേഷം അടക്ക ലോഡ് വിട്ടുനൽകിയത്.
What's Your Reaction?