റിട്ട. അധ്യാപകനും മാധ്യമപ്രവർത്തകനുമായ കാവുങ്കൽ നാരായണൻ മാസ്റ്റർ അന്തരിച്ചു

Jul 27, 2026 - 08:45
 0
റിട്ട. അധ്യാപകനും മാധ്യമപ്രവർത്തകനുമായ കാവുങ്കൽ നാരായണൻ മാസ്റ്റർ അന്തരിച്ചു

അമ്പലത്തറ: റിട്ട. അധ്യാപകനും മുതിർന്ന മാധ്യമപ്രവർത്തകനും സാമൂഹ്യ-സാംസ്കാരിക പ്രവർത്തകനുമായ കാവുങ്കൽ നാരായണൻ മാസ്റ്റർ അന്തരിച്ചു. കാഞ്ഞങ്ങാട്ടെ ആദ്യകാല മാധ്യമപ്രവർത്തകരിൽ ഒരാളായ അദ്ദേഹം അരനൂറ്റാണ്ടോളം മാതൃഭൂമിയുടെ പ്രാദേശിക ലേഖകനായി പ്രവർത്തിച്ചു. കാൻഫെഡിന്റെ ജില്ലയിലെ മുതിർന്ന സാരഥിയെന്ന നിലയിലും അദ്ദേഹം ശ്രദ്ധേയനായിരുന്നു.

അധ്യാപകൻ, സാക്ഷരതാ പ്രവർത്തകൻ, എഴുത്തുകാരൻ, സാംസ്കാരിക പ്രവർത്തകൻ എന്നീ നിലകളിൽ നിരവധി മേഖലകളിൽ അദ്ദേഹം വ്യക്തിമുദ്ര പതിപ്പിച്ചു. പരേതരായ അയ്യങ്കാവ് കുഞ്ഞിരാമൻ മണിയാണിയുടെയും കെ.പി. നാരായണിയമ്മയുടെയും മകനാണ്.

പള്ളിക്കര കീക്കാൻ ഗവ. യു.പി. സ്കൂൾ, കാഞ്ഞങ്ങാട് ദുർഗ ഹയർ സെക്കൻഡറി സ്കൂൾ, മട്ടന്നൂർ പഴശ്ശിരാജ കോളേജ് എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം. ബേളൂർ ശ്രീശങ്കര എ.യു.പി. സ്കൂളിലും പറക്കളായി ഗവ. യു.പി. സ്കൂളിലും അധ്യാപകനായി സേവനമനുഷ്ഠിച്ച അദ്ദേഹം, ഹൊസ്‌ദുർഗ് ഉപജില്ലാ വിദ്യാഭ്യാസ ഓഫീസിൽ പ്രൈമറി എക്സ്റ്റൻഷൻ ഓഫീസറായും പ്രവർത്തിച്ചു.

സാക്ഷരതാ പ്രസ്ഥാനത്തിന്റെ അമരക്കാരനായ പി.എൻ. പണിക്കറുമായി അടുത്ത ബന്ധം പുലർത്തിയിരുന്ന അദ്ദേഹം, കാൻഫെഡിന്റെയും പി.എൻ. പണിക്കർ ഫൗണ്ടേഷന്റെയും ദീർഘകാല ഭാരവാഹിയായിരുന്നു. പറക്കളായി പി.എൻ. പണിക്കർ സൗഹൃദ ആയുർവേദ മെഡിക്കൽ കോളേജിന്റെ സ്ഥാപകരിൽ ഒരാളുമാണ്.

മികച്ച പൊതുപ്രവർത്തകനെന്ന നിലയിൽ കാൻഫെഡ് അവാർഡ് ഉൾപ്പെടെ നിരവധി പുരസ്കാരങ്ങൾ അദ്ദേഹത്തെ തേടിയെത്തി. കാവുങ്കൽ നാരായണൻ മാസ്റ്റർ രചിച്ച റേഡിയോ നാടകങ്ങൾ ആകാശവാണി പ്രക്ഷേപണം ചെയ്തിട്ടുണ്ട്. നിരവധി അമേച്വർ നാടകങ്ങൾക്ക് ഗാനരചനയും നിർവഹിച്ചു.

സാക്ഷരതാസമിതി പ്രചരണവിഭാഗം മാനേജർ, സാക്ഷര കേരളം മാസികയുടെ എഡിറ്റർ എന്നീ നിലകളിലും അദ്ദേഹം പ്രവർത്തിച്ചു. ഗോപുരം, കല്ലിന്റെ നിഴൽ, അഭയം തേടുന്നവർ, ഗ്രാമവഴിയിലെ കനലുകൾ എന്നീ നോവലുകളും തെരഞ്ഞെടുത്ത ചെറുകഥകൾ ഉൾപ്പെടെയുള്ള കൃതികളും അദ്ദേഹത്തിന്റെ സാഹിത്യസംഭാവനകളിൽ ശ്രദ്ധേയമാണ്.

What's Your Reaction?

like

dislike

love

funny

angry

sad

wow