ദമാമിൽ വാഹനാപകടം: രണ്ട് മലയാളികൾ മരിച്ചു

Jun 28, 2026 - 16:35
 0
ദമാമിൽ വാഹനാപകടം: രണ്ട് മലയാളികൾ മരിച്ചു

റിയാദ്: സൗദി അറേബ്യയിലെ കിഴക്കൻ പ്രവിശ്യയായ ദമാമിൽ ഉണ്ടായ വാഹനാപകടത്തിൽ രണ്ട് മലയാളികൾ മരിച്ചു. കണ്ണൂർ തലശ്ശേരി മണോലി വീട്ടിൽ സജീം (45), ചെറുകുന്ന് കണ്ടിവളപ്പിൽ ശ്രീലേഷ് (42) എന്നിവരാണ് മരിച്ചത്. ശനിയാഴ്ച രാത്രി ദഹ്റാൻ–ജുബൈൽ ഹൈവേയിൽ ഖത്വീഫ് സെൻട്രൽ ആശുപത്രിക്ക് സമീപമാണ് അപകടമുണ്ടായത്.

റാസ് തനൂറയിൽ നിന്ന് ദമാമിലേക്ക് കാറിൽ യാത്ര ചെയ്യുന്നതിനിടെയാണ് ഇവർ സഞ്ചരിച്ച വാഹനത്തിലേക്ക് നിയന്ത്രണം വിട്ടെത്തിയ ഒരു സ്വദേശിയുടെ കാർ ഇടിച്ചുകയറിയത്. ഇടിയുടെ ആഘാതത്തിൽ കാർ പലതവണ മറിഞ്ഞ് റോഡരികിലെ താഴ്ചയിലേക്ക് പതിച്ചു. പൂർണമായും തകർന്ന വാഹനത്തിൽ കുടുങ്ങിയ ഇരുവരെയും രക്ഷാപ്രവർത്തകർ ഏറെ പരിശ്രമിച്ചാണ് പുറത്തെടുത്തത്.

അപകടസ്ഥലത്ത് തന്നെ സജീം മരിച്ചു. ഗുരുതരമായി പരിക്കേറ്റ ശ്രീലേഷിനെ ഖത്വീഫ് സെൻട്രൽ ആശുപത്രിയിലെത്തിച്ചെങ്കിലും ചികിത്സയ്ക്കിടെ മരണത്തിന് കീഴടങ്ങി.

ദമാമിൽ ബിസിനസ് നടത്തിയിരുന്ന സജീമിന്റെ സ്ഥാപനത്തിൽ ജീവനക്കാരനായിരുന്നു ശ്രീലേഷ്. രാത്രി വൈകിയും ഇരുവരും താമസസ്ഥലത്ത് തിരിച്ചെത്താതിരുന്നതിനെ തുടർന്ന് സുഹൃത്തുക്കൾ നടത്തിയ അന്വേഷണത്തിനൊടുവിലാണ് ഖത്വീഫ് പോലീസിൽ നിന്ന് അപകടവിവരം ലഭിച്ചത്. ഇരുവരുടെയും മൃതദേഹങ്ങൾ നിലവിൽ ഖത്വീഫ് സെൻട്രൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

ശ്രീലേഷിന്റെ മരണം കുടുംബത്തിന് മറ്റൊരു തീരാവേദനയായി. അഞ്ച് വർഷം മുമ്പ് മരണപ്പെട്ട ഏക സഹോദരൻ ശ്രീരാഗിന്റെ അഞ്ചാം ചരമവാർഷിക ദിനത്തിലാണ് ശ്രീലേഷും മരണപ്പെട്ടത്.

നിയമനടപടികൾ പൂർത്തിയാക്കിയ ശേഷം ശ്രീലേഷിന്റെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണ്. അതേസമയം, സജീമിന്റെ മൃതദേഹം ദമാമിൽ തന്നെ ഖബറടക്കാനാണ് ബന്ധുക്കളുടെ തീരുമാനം. സംസ്കാരച്ചടങ്ങിൽ പങ്കെടുക്കാൻ മാതാപിതാക്കളെയും ഭാര്യ റുഹാലത്തിനെയും മക്കളായ ആദിൽ, ഹുസൈൻ, അമൽ എന്നിവരെയും ദമാമിലെത്തിക്കുന്നതിനുള്ള വിസ നടപടികളും പുരോഗമിക്കുകയാണ്.

What's Your Reaction?

like

dislike

love

funny

angry

sad

wow