നരഹത്യ കേസിൽ അച്ഛനെ അറസ്റ്റ് ചെയ്തതിന് പിന്നാലെ 17 കാരനായ മകൻ കുളത്തിൽ ചാടി മരിച്ചു.
കാഞ്ഞങ്ങാട്: നരഹത്യ കേസിൽ അച്ഛനെ അറസ്റ്റ് ചെയ്തതിന് പിന്നാലെ 17 കാരനായ മകൻ കുളത്തിൽ ചാടി മരിച്ചു കാഞ്ഞങ്ങാട് സ്വദേശിയും കരാറുകാരനുമായ നരേന്ദ്രന്റെ മകൻ കാശിനാഥനാണ് മരിച്ചത്. വെള്ളിക്കോത്ത് പെരളം സ്വദേശിയും, മഡിയനിലെ അലൂമിനിയം ഫാബ്രിക്കേഷൻ ഉടമയുമായ റോയ് ജോസഫിന്റെ മരണവുമായി ബന്ധപ്പെട്ട് കേസിലാണ് നരേന്ദ്രനെ പോലീസ് അറസ്റ്റ് ചെയ്തത്. മാവുങ്കാൽ മൂലക്കണ്ടത്ത് പണിയുന്ന മൂന്നുനില കെട്ടിടത്തിന്റെ മുകളിൽ നിന്നു ഞായറാഴ്ചയാണ് റോയ് ജോസഫ് വീണത്. ഗുരുതരമായി പരിക്കേറ്റ ഇദ്ദേഹത്തെ മാവുങ്കാലിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും, നിലഗുരുതലമായതിനാൽ മംഗ്ലൂരുവിലെ ആശുപത്രിയിലേക്ക് കൊണ്ടുപോയി. ആംബുലൻസിൽ കൊണ്ടുപോകുന്നതിനിടയിൽ നരേന്ദ്രൻ തന്നെ കെട്ടിടത്തിന്റെ മുകളിൽ നിന്ന് താഴേക്ക് തള്ളിയിടുകയായിരുന്നുവെന്ന് റോയ് ജോസഫ് കൂടെ ഉണ്ടായിരുന്ന ഭാര്യയോടും, സുഹൃത്തിനോടും പറഞ്ഞിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ കെട്ടിടത്തിന്റെ കരാറുകാരനായ നരേന്ദ്രനെതിരെ ഹോസ്ദുർഗ് പോലീസ് വധശ്രമത്തിനു കേസെടുത്തിരുന്നു. ചികിത്സയ്ക്കിടയിൽ വ്യാഴാഴ്ച പുലർച്ചെ മംഗളൂരുവിലെ ആശുപത്രിയിൽ വച്ച് റോയി ജോസഫ് മരണപ്പെട്ടു. തുടർന്ന് നരേന്ദ്രന് പോലീസ് കസ്റ്റഡിയിലെടുത്തു. വിശദമായ ചോദ്യം ചെയ്ത ശേഷമാണ് മനപ്പൂർവമല്ലാത്ത നരഹത്യ കുറ്റം ചുമത്തി അറസ്റ്റ് ചെയ്തത്.
What's Your Reaction?