നീലേശ്വരം പഴയ പാലം പുതുക്കി പണിയും; അടിപ്പാതയും ഫൂട്ട് ഓവർബ്രിഡ്ജും യാഥാർഥ്യമാകും
രാജാ റോഡിന് എക്സിറ്റും കോട്ടപ്പുറത്തിന് എൻട്രിയും
നീലേശ്വരം: ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് നീലേശ്വരത്ത് വർഷങ്ങളായി ഉയർന്നുവരുന്ന ആവശ്യങ്ങളിൽ നിർണായക മുന്നേറ്റം. കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിൻ ഗഡ്‌കരിയുമായി നീലേശ്വരം നഗരസഭ ജനകീയ കർമസമിതി പ്രതിനിധികൾ നടത്തിയ ചർച്ചയിലാണ് പഴയ പാലം പൊളിച്ചുമാറ്റി പുതിയ പാലം നിർമിക്കാനും, കോട്ടപ്പുറത്ത് 15 മീറ്റർ വീതിയുള്ള അടിപ്പാതയും കരുവാച്ചേരിയിൽ ഫൂട്ട് ഓവർബ്രിഡ്ജും സ്ഥാപിക്കാനും തീരുമാനമായത്.
പുതിയ പാലത്തിൽ നിന്ന് രാജാ റോഡിലേക്ക് പ്രത്യേക എക്സിറ്റും കോട്ടപ്പുറം റോഡിൽ നിന്ന് ദേശീയപാതയിലേക്ക് എൻട്രിയും ഒരുക്കുമെന്ന് മന്ത്രി അറിയിച്ചു. രാജാ റോഡിലേക്കുള്ള അടിപ്പാതയുടെ വീതി 15 മീറ്ററായി വർധിപ്പിക്കുന്നതിനുള്ള സാധ്യത പരിശോധിക്കാൻ വിദഗ്ധസംഘത്തെ നിയോഗിക്കുമെന്നും അദ്ദേഹം ഉറപ്പുനൽകി. കച്ചേരിക്കടവ് പാലത്തിന്റെ അപ്രോച്ച് റോഡിലേക്കും എൻട്രി, എക്സിറ്റ് സൗകര്യങ്ങൾ ഉൾപ്പെടുത്തുമെന്നും അറിയിച്ചു.
നീലേശ്വരത്ത് പില്ലർ ബേസ്ഡ് ഓവർബ്രിഡ്ജ് നിർമിക്കണമെന്ന ആവശ്യം ചർച്ചയിൽ വീണ്ടും ഉന്നയിച്ചെങ്കിലും ദേശീയപാത അതോറിറ്റിയുടെ സാങ്കേതിക വിദഗ്ധർ അത് നിലവിലെ സാഹചര്യത്തിൽ പ്രായോഗികമല്ലെന്ന് വ്യക്തമാക്കി. പഴയ പാലത്തിന് പകരം പുതിയ പാലം നിർമിക്കുമ്പോൾ നിലവിലെ ഉയരം നിലനിർത്തേണ്ടിവരുമെന്നും, പില്ലർ ബേസ്ഡ് സംവിധാനമാക്കിയാൽ ബീമുകളുടെ കനം കാരണം വാഹനഗതാഗതത്തിന് ആവശ്യമായ ഉയരം ലഭിക്കില്ലെന്നും ഉദ്യോഗസ്ഥർ വിശദീകരിച്ചു. പ്രദേശത്തിന്റെ ഭൂവിന്യാസവും വെള്ളക്കെട്ട് സാധ്യതയും പരിഗണിക്കുമ്പോൾ റോഡ് താഴ്ത്തി നിർമിക്കുന്നതും സാങ്കേതികമായി അസാധ്യമാണെന്നും അവർ അറിയിച്ചു. ഇതോടെയാണ് പില്ലർ ബേസ്ഡ് ഓവർബ്രിഡ്ജ് നിർമാണം സാധ്യമല്ലെന്ന് മന്ത്രി വ്യക്തമാക്കിയത്.
രാജ്മോഹൻ ഉണ്ണിത്താൻ എം.പിയുടെ സാന്നിധ്യത്തിൽ നടന്ന കൂടിക്കാഴ്ചയിൽ മുൻ എം.പി. പി.കരുണാകരൻ നഗരസഭ ചെയർമാൻ പി.പി. മുഹമ്മദ് റാഫി, വൈസ് ചെയർപേഴ്സൺ പി.എം. സന്ധ്യ, ജനകീയ കർമസമിതി ഭാരവാഹികളായ മാമുനി വിജയൻ, അഡ്വ. കെ.പി. നസീർ, സാഗർ ചാത്തമത്ത്, സേതു ബങ്കളം, എം. ജയറാം എന്നിവർ പങ്കെടുത്തു.
ചർച്ചയിൽ ലഭിച്ച ഉറപ്പുകളുടെ അടിസ്ഥാനത്തിൽ സമരത്തിന്റെ തുടർരൂപം തീരുമാനിക്കാൻ ഉടൻ അടിയന്തര യോഗം വിളിച്ചുചേരുമെന്ന് സമരസമിതി ചെയർമാൻ പി.പി. മുഹമ്മദ് റാഫിയും കൺവീനർ ഇ. ഷജീറും അറിയിച്ചു.
What's Your Reaction?