പൊതുസ്ഥലങ്ങളിൽ വാഹനം കഴുകുന്നവർക്ക് കർശന മുന്നറിയിപ്പുമായി അബുദാബി നഗരസഭ

May 6, 2026 - 19:57
 0
പൊതുസ്ഥലങ്ങളിൽ വാഹനം കഴുകുന്നവർക്ക് കർശന മുന്നറിയിപ്പുമായി അബുദാബി നഗരസഭ

അബുദാബി: അബുദാബി നഗരത്തിന്റെ സൗന്ദര്യം നിലനിർത്തുന്നതിനും പരിസ്ഥിതി സംരക്ഷണത്തിനുമായി പൊതുസ്ഥലങ്ങളിൽ വാഹനം കഴുകുന്നവർക്ക് കർശന മുന്നറിയിപ്പുമായി നഗരസഭ. റോഡുകളിലോ മറ്റ് പൊതുയിടങ്ങളിലോ വാഹനം കഴുകുന്നത് ശ്രദ്ധയിൽപ്പെട്ടാൽ 500 ദിർഹം പിഴ ചുമത്തുമെന്ന് അധികൃതർ വ്യക്തമാക്കി.

വാഹനങ്ങൾ കഴുകുന്നതിനായി അംഗീകൃത കാർ വാഷിങ് സെന്ററുകളോ ലൈസൻസുള്ള മൊബൈൽ വാഷ് യൂണിറ്റുകളോ മാത്രമേ ഉപയോഗിക്കാൻ പാടുള്ളൂ. പൈപ്പോ ബക്കറ്റോ ഉപയോഗിച്ച് വെള്ളം ചീറ്റിക്കുന്നതും റോഡിലൂടെ വെള്ളം ഒഴുക്കി വിടുന്നതും നഗരത്തിന്റെ ആസ്തികൾ നശിപ്പിക്കുന്നതിനും കാഴ്ചയ്ക്ക് അഭംഗിയുണ്ടാക്കുന്നതിനും കാരണമാകുന്നു. റോഡുകളിലൂടെ വെള്ളം ഒഴുകുന്നത് ഗതാഗത തടസ്സങ്ങൾക്കും ആരോഗ്യ പ്രശ്നങ്ങൾക്കും വഴിവെക്കും.

നഗരത്തെ വൃത്തിയായി സൂക്ഷിക്കുന്നത് ഓരോ താമസക്കാരന്റെയും ഉത്തരവാദിത്തമാണെന്ന് നഗരസഭ ഓർമ്മിപ്പിച്ചു. മാന്യമായ പെരുമാറ്റവും പരിസ്ഥിതി സൗഹൃദമായ ശീലങ്ങളും നാഗരിക ബോധത്തിന്റെ ഭാഗമാണെന്നും അധികൃതർ ചൂണ്ടിക്കാട്ടി. നിയമലംഘനങ്ങൾ തടയുന്നതിനും നഗരത്തിന്റെ ശുചിത്വം ഉറപ്പാക്കുന്നതിനും വരും ദിവസങ്ങളിൽ പരിശോധനകൾ ശക്തമാക്കും.

What's Your Reaction?

like

dislike

love

funny

angry

sad

wow