പ്രോജക്ട് സീറോ: അനധികൃത ചെങ്കൽ ഖനനത്തിനെതിരെ വിജിലൻസിന്റെ മിന്നൽ പരിശോധന; 7 വാഹനങ്ങൾ പിടിച്ചെടുത്തു
കാസർകോട്: അഴിമതിക്കെതിരായ സർക്കാർ നടപടികളുടെ ഭാഗമായി നടപ്പാക്കുന്ന പ്രോജക്ട് സീറോയുടെ ഭാഗമായി കാസർകോട് വിജിലൻസ് വിഭാഗം പൈവളിഗെ, മീഞ്ച വില്ലേജ് പരിധികളിൽ മിന്നൽ പരിശോധന നടത്തി. വിജിലൻസ് ഇൻസ്പെക്ടർ പി. നാരായണന്റെ നേതൃത്വത്തിലായിരുന്നു പരിശോധന.
പരിശോധനയിൽ മേഖലയിലെ ആറ് ചെങ്കൽ ഖനന സ്ഥലങ്ങളിൽ നിന്ന് 5,187 ചെങ്കല്ലുകൾ അനധികൃതമായി ഖനനം ചെയ്തതായി കണ്ടെത്തി. കർണാടകയിലേക്ക് കടത്തുന്നതിനിടെ ചെങ്കല്ല് നിറച്ച ഏഴ് വാഹനങ്ങളും വിജിലൻസ് പിടിച്ചെടുത്തു.
തുടർനടപടികളുടെ ഭാഗമായി വാഹനങ്ങളുടെ പിഴയിനത്തിൽ മാത്രം 1,35,686 രൂപ പിഴ ഈടാക്കി. അനധികൃത ഖനനം നടന്ന സ്ഥലങ്ങളുടെ ഉടമകളിൽ നിന്ന് പിഴ ഈടാക്കുന്നതിനുള്ള നടപടികളും ആരംഭിച്ചിട്ടുണ്ട്.
മിന്നൽ പരിശോധനയിൽ എൽ.എസ്.ജി.ഡി. അസിസ്റ്റന്റ് എൻജിനീയർ സനൽ തോമസ്, ജില്ലാ അസിസ്റ്റന്റ് ജിയോളജിസ്റ്റ് അജിത്ത്, കാസർകോട് വിജിലൻസ് യൂണിറ്റിലെ അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ ഇ.വി. രമേശൻ, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ കെ.വി. ജയൻ, പി.വി. ലിജിൻ, വിജേഷ് എന്നിവരും പങ്കെടുത്തു.
സംഭവവുമായി ബന്ധപ്പെട്ട വിശദമായ റിപ്പോർട്ട് വിജിലൻസ് ഡയറക്ടർക്ക് സമർപ്പിക്കുമെന്ന് വിജിലൻസ് ഡിവൈ.എസ്.പി. ഉണ്ണികൃഷ്ണൻ അറിയിച്ചു.
What's Your Reaction?