റാസൽഖൈമയിൽ ഇന്ത്യൻ പ്രവാസികൾക്കായി ശ്മശാന കേന്ദ്രം; ഭൂമി അനുവദിച്ച് ഭരണകൂടം

Jul 29, 2026 - 21:27
 0
റാസൽഖൈമയിൽ ഇന്ത്യൻ പ്രവാസികൾക്കായി ശ്മശാന കേന്ദ്രം; ഭൂമി അനുവദിച്ച് ഭരണകൂടം

ദുബായ്: യുഎഇയിലെ ഇന്ത്യൻ പ്രവാസി സമൂഹത്തിനായി ശ്മശാന കേന്ദ്രം സ്ഥാപിക്കുന്നതിന് റാസൽഖൈമ ഭരണകൂടം ഭൂമി അനുവദിച്ചു. അൽ ജസീറ അൽ ഹംറയിൽ സ്ഥാപിക്കുന്ന ശ്മശാന കേന്ദ്രത്തിനായി അനുവദിച്ച ഭൂമി ഔദ്യോഗികമായി ദുബായിലെ ഇന്ത്യൻ കോൺസുലേറ്റ് ജനറലിന് കൈമാറിയതായി കോൺസൽ ജനറൽ സതീഷ് കുമാർ ശിവൻ അറിയിച്ചു.

റാസൽഖൈമ ഭരണാധികാരിയും യുഎഇ സുപ്രീം കൗൺസിൽ അംഗവുമായ ശൈഖ് സൗദ് ബിൻ സഖർ അൽ ഖാസിമിയെ സന്ദർശിച്ച ശേഷമാണ് അദ്ദേഹം ഇക്കാര്യം ഇന്ത്യൻ റിലീഫ് കമ്മിറ്റി (ഐആർസി-റാക്) ഭാരവാഹികളെ അറിയിച്ചത്. ഇന്ത്യൻ സമൂഹത്തിന്റെ പേരിൽ ഭരണാധികാരിക്കും റാസൽഖൈമ ഭരണകൂടത്തിനും അദ്ദേഹം നന്ദി രേഖപ്പെടുത്തി.

ശ്മശാന കേന്ദ്രത്തിന്റെ നിർമാണം, ഭരണനിർവഹണം, ഭാവി പരിപാലനം എന്നിവ ഇന്ത്യൻ റിലീഫ് കമ്മിറ്റിയുടെ നേതൃത്വത്തിലുള്ള വിവിധ ഇന്ത്യൻ സംഘടനാ പ്രതിനിധികൾ ഉൾപ്പെട്ട കോർ കമ്മിറ്റിക്കായിരിക്കും. പദ്ധതിയുടെ ആദ്യഘട്ടമായി റാസൽഖൈമ മുനിസിപ്പാലിറ്റി അനുവദിച്ച സ്ഥലത്തിന്റെ സ്കെച്ച് മാപ്പ് സതീഷ് കുമാർ ശിവൻ കോർ കമ്മിറ്റി അംഗങ്ങൾക്ക് കൈമാറി.

കോൺസൽ ജനറലെന്ന നിലയിലെ സേവനകാലാവധി പൂർത്തിയാക്കി ഇന്ത്യയിലേക്ക് മടങ്ങുന്ന സതീഷ് കുമാർ ശിവനെ ഇന്ത്യൻ റിലീഫ് കമ്മിറ്റി ഉപഹാരം നൽകി ആദരിച്ചു. യുഎഇയിലെ ഇന്ത്യൻ സമൂഹത്തിന്റെ ക്ഷേമത്തിനായി നൽകിയ സേവനങ്ങൾ പരിഗണിച്ചായിരുന്നു ആദരം.

ഐആർസി പ്രസിഡന്റ് ഡോ. നിഷാം നൂറുദ്ദീൻ, അഡ്മിനിസ്ട്രേറ്റർ സി. പത്മരാജ് എന്നിവർ സതീഷ് കുമാർ ശിവനെ സ്വീകരിച്ചു. കോർ കമ്മിറ്റി അംഗങ്ങളായ രാജീവ് രഞ്ജൻ സിങ്, സുപ്രിയ ഘോഷ്, പ്രദീപ് വർമ്മ, ശ്രീധരൻ പ്രസാദ്, അനിൽ വിദ്യാധരൻ, സാമൂഹിക പ്രവർത്തകൻ നാസർ അൽദാന എന്നിവർ ഉൾപ്പെടെയുള്ളവർ ഇന്ത്യൻ സമൂഹത്തിന് നൽകിയ പിന്തുണയ്ക്കും സഹകരണത്തിനും അദ്ദേഹത്തോട് നന്ദി രേഖപ്പെടുത്തി.

What's Your Reaction?

like

dislike

love

funny

angry

sad

wow