ഷാർജയിലെ കുത്തിന്റെ മരണം; രണ്ട് പെൺകുട്ടികൾക്കെതിരെ അന്വേഷണം
ദുബായ്: പ്രവാസലോകത്തെയാകെ നടുക്കിയ ഷാർജ അൽ നഹ്ദയിലെ മൂന്ന് വയസ്സുകാരൻ മുഹമ്മദ് അർഷമാന്റെ മരണം കേവലമൊരു അപകടമല്ലെന്ന ഞെട്ടിക്കുന്ന വിവരങ്ങളാണ് ഇപ്പോൾ പുറത്തുവരുന്നത്. വിവാഹം കഴിഞ്ഞ് അഞ്ചുവർഷത്തെ നീണ്ട കാത്തിരിപ്പിനൊടുവിൽ പാക്കിസ്ഥാൻ സ്വദേശി സജ്ജാദ് ഹുസൈന്റെ ജീവിതത്തിലേക്ക് വന്ന കൺമണിയാണ്, ഫ്ലാറ്റിന്റെ മൂന്നാം നിലയിലെ സ്റ്റെയർകേസ് ജനാലയിലൂടെ താഴേക്ക് വീണ് പൊലിഞ്ഞത്.
സംഭവത്തിൽ അയൽവാസികളായ മലയാളി (കണ്ണൂർ സ്വദേശികൾ), തമിഴ് കുടുംബങ്ങളിലെ ഒൻപത് വയസ്സുകാരായ രണ്ട് പെൺകുട്ടികൾക്കെതിരെ ഷാർജ പൊലീസ് അന്വേഷണം ആരംഭിക്കുകയും ഇവരുടെ മാതാപിതാക്കളെ കസ്റ്റഡിയിലെടുക്കുകയും ചെയ്തിട്ടുണ്ട്. കുട്ടിയുടെ അമ്മ വെറും ഒരു മിനിറ്റിൽ താഴെ മാത്രം വീടിനുള്ളിലേക്ക് കയറിയ നേരത്താണ് ഇടനാഴിയിൽ കളിച്ചുകൊണ്ടിരുന്ന അർഷമാനെ ഈ പെൺകുട്ടികൾ കൈകാട്ടി വിളിക്കുന്നത്.
ഗോവണിയുടെ വാതിൽ തുറന്ന് കുഞ്ഞിനെ അകത്താക്കിയതും നിമിഷങ്ങൾക്കകം 14 മീറ്റർ താഴേക്ക് കുട്ടി പതിച്ചതും ദൃശ്യങ്ങളിൽ വ്യക്തമാണ്. കുട്ടി താഴേക്ക് വീണതിന് ശേഷം ഒന്നും അറിയാത്തതുപോലെ ശാന്തരായി നടന്നുപോകുന്ന പെൺകുട്ടികളുടെ ദൃശ്യങ്ങൾ ഏതൊരു മാതാപിതാക്കളുടെയും നെഞ്ചിൽ ഭയത്തിന്റെ കനൽകോരിയിടുന്നതാണ്. കേസ് നിലവിൽ തുടർനടപടികൾക്കായി ഷാർജ പൊലീസ് ശിശുസംരക്ഷണ അതോറിറ്റിക്ക് കൈമാറിയിരിക്കുകയാണ്.
What's Your Reaction?