സംസ്ഥാനത്ത് ആദ്യമായി; കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ പ്രഭാത ഭക്ഷണ പദ്ധതി തുടങ്ങി
കാഞ്ഞങ്ങാട്: രോഗികൾക്ക് കൂടുതൽ കരുതലും ആശ്വാസവും നൽകുന്ന പദ്ധതിയുമായി കാഞ്ഞങ്ങാട് ജില്ലാ ആശുപത്രി. സംസ്ഥാനത്ത് ആദ്യമായി ഒരു ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിൽ സർക്കാർ ജില്ലാ ആശുപത്രിയിൽ പ്രഭാത ഭക്ഷണ വിതരണം ആരംഭിച്ചു. ഇന്ന് രാവിലെ മുതൽ നടപ്പിലായ പദ്ധതി കാസർകോട് ജില്ലാ പഞ്ചായത്തിന്റെ 2026-27 വാർഷിക പദ്ധതിയുടെ ഭാഗമായാണ് ആരംഭിച്ചത്.
ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന രോഗികൾക്ക് എല്ലാ ദിവസവും രാവിലെ 7.30 മുതൽ പോഷകസമൃദ്ധമായ പ്രഭാത ഭക്ഷണം വിതരണം ചെയ്യും. രോഗികളുടെ ആരോഗ്യപരിപാലനത്തിന് കൂടുതൽ കരുത്തേകുന്നതും ആശുപത്രി സേവനങ്ങളെ ജനകീയമാക്കുന്നതുമായ നീക്കമായാണ് പദ്ധതിയെ വിലയിരുത്തുന്നത്.
ജില്ലാ ആശുപത്രി അധികൃതരുടെ മേൽനോട്ടത്തിൽ കാഞ്ഞങ്ങാട് നഗരസഭ പരിധിയിലെ കുടുംബശ്രീ യൂണിറ്റുകൾക്കാണ് ഭക്ഷണ വിതരണ ചുമതല. രോഗികൾക്ക് ഗുണമേന്മയുള്ള ഭക്ഷണം സമയബന്ധിതമായി ലഭ്യമാക്കുന്നതിന് പ്രത്യേക ക്രമീകരണങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്.
കാഞ്ഞങ്ങാട് എം.എൽ.എ ഗോവിന്ദൻ പള്ളിക്കാപ്പിൽ ഭക്ഷണ വിതര പദ്ധതി ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാബു അബ്രഹാം അധ്യക്ഷത വഹിച്ചു. കാഞ്ഞങ്ങാട് നഗരസഭ ചെയർമാൻ വി വി രമേശൻ, ജില്ലാ പഞ്ചായത്ത് വൈസ് പ്രസി. കെ. കെ. സോയ, ആരോഗ്യ-വിദ്യാഭ്യാസ സ്ഥിരംസമിതി അധ്യക്ഷൻ എം. മനു, പൊതുമരാമത്ത് സ്ഥിരംസമിതി അധ്യക്ഷൻ കെ. കൃഷ്ണൻ, ക്ഷേമകാര്യ സ്ഥിരംസമിതി അധ്യക്ഷ റീന തോമസ്, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ കെ. സബീഷ്, ഡോ. സെറീന സലാം, ടി.വി. രാധിക, ജില്ലാ ആശുപത്രി ആർ.എം.ഒ ഡോ. ബി. ഷഹർബാന, നഴ്സിംഗ് സൂപ്രണ്ട് സി. ലളിതാംബിക,ജില്ലാ ആശുപത്രി സൂപ്രണ്ട് ഡോ.എം പി ജീജ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
What's Your Reaction?