സുരക്ഷാ മാനദണ്ഡങ്ങൾ ലംഘിച്ച് ഓടിച്ച ഇലക്ട്രിക് സ്കൂട്ടറുകൾക്കെതിരെ പോലീസിന്റെ കടുത്ത നടപടി; കാഞ്ഞങ്ങാട് 12 വാഹനങ്ങൾ കസ്റ്റഡിയിൽ
കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് നഗരത്തിൽ ലൈസൻസും രജിസ്ട്രേഷനും ആവശ്യമില്ലാത്ത ഇലക്ട്രിക് സ്കൂട്ടറുകൾ അശ്രദ്ധയായി ഓടിച്ച് മറ്റ് വാഹനയാത്രക്കാർക്ക് ഭീഷണിയാവുന്ന സാഹചര്യത്തിൽ കാഞ്ഞങ്ങാട് ട്രാഫിക് പോലീസ് കടുത്ത നടപടികൾ ആരംഭിച്ചു. ആദ്യഘട്ടത്തിൽ 12 ഇലക്ട്രിക് വാഹനങ്ങൾ പോലീസ് കസ്റ്റഡിയിലെടുത്തു.
പത്തും പതിനഞ്ചും വയസ്സ് പ്രായമുള്ള കുട്ടികൾ വരെ ഹെൽമറ്റ് ധരിക്കാതെയും മൂന്ന് പേരെ കയറ്റിയും ടൗണിലൂടെ അപകടകരമായി സ്കൂട്ടറുകൾ ഓടിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് നടപടി ശക്തമാക്കിയത്. സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതെയും ട്രാഫിക് തടസ്സം സൃഷ്ടിക്കുന്ന രീതിയിലുമാണ് നിരവധി ഇ.വി സ്കൂട്ടറുകൾ ഓടുന്നതെന്ന് പോലീസ് വ്യക്തമാക്കി.
കാഞ്ഞങ്ങാട് ഡിവൈഎസ്പി പി.കെ. സുരേഷ് ബാബുവിന്റെ നിർദേശപ്രകാരം പുതുതായി ചുമതലയേറ്റ ട്രാഫിക് എസ്.ഐ പ്രദീപ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധനയും കസ്റ്റഡിയിലെടുക്കലും ആരംഭിച്ചത്.
കസ്റ്റഡിയിലെടുത്ത വാഹനങ്ങൾ സ്റ്റേഷൻ കോമ്പൗണ്ടിൽ സൂക്ഷിച്ച്, കുട്ടികളുടെ രക്ഷിതാക്കളെ വിളിച്ചുവരുത്തി ബോധവൽക്കരണം നടത്തിയ ശേഷമാണ് തിരിച്ചുനൽകുന്നത്. വേഗത കുറവാണെങ്കിലും അശ്രദ്ധ മൂലം മറ്റു വാഹനങ്ങൾ ഇടിച്ചാൽ ഹെൽമറ്റ് ഇല്ലാത്ത കുട്ടികൾക്ക് ഗുരുതര പരിക്കുകൾ സംഭവിക്കാമെന്ന് പോലീസ് രക്ഷിതാക്കൾക്ക് മുന്നറിയിപ്പ് നൽകി. ഹെൽമറ്റ് ധരിച്ചായിരിക്കണം വാഹനമോടിക്കേണ്ടതെന്നും നിർദേശം നൽകിയിട്ടുണ്ട്.
അതേസമയം, കാഞ്ഞങ്ങാട് ടൗണിലും പരിസരങ്ങളിലും ട്രാഫിക് തടസ്സം സൃഷ്ടിക്കുന്ന വാഹനങ്ങൾക്കും നിയമലംഘനങ്ങൾക്കും എതിരെ ശക്തമായ നടപടി തുടരുമെന്ന് ട്രാഫിക് പോലീസ് അറിയിച്ചു. കോട്ടച്ചേരി ട്രാഫിക് സർക്കിളിലും മാവുങ്കാൽ റോഡ് ജംഗ്ഷനിലുമുള്ള നിയമലംഘനങ്ങൾക്കെതിരെയും പരിശോധന ശക്തമാക്കിയതായും അധികൃതർ അറിയിച്ചു.
What's Your Reaction?