ചന്തേര എംഡിഎംഎ കേസ്: മൊബൈൽ ഓഫ് ചെയ്ത് മുങ്ങിയ പ്രതി ഒടുവിൽ ഇൻഡോറിൽ പിടിയിൽ; അറസ്റ്റിലായവർ എട്ടായി

Sep 2, 2026 - 17:56
Sep 2, 2026 - 18:05
 0
ചന്തേര എംഡിഎംഎ കേസ്: മൊബൈൽ ഓഫ് ചെയ്ത് മുങ്ങിയ പ്രതി ഒടുവിൽ ഇൻഡോറിൽ പിടിയിൽ; അറസ്റ്റിലായവർ എട്ടായി
ചന്തേര എംഡിഎംഎ കേസ്: മൊബൈൽ ഓഫ് ചെയ്ത് മുങ്ങിയ പ്രതി ഒടുവിൽ ഇൻഡോറിൽ പിടിയിൽ; അറസ്റ്റിലായവർ എട്ടായി

ചന്തേര: ചന്തേര പോലീസ് സ്റ്റേഷൻ പരിധിയിൽ നിന്ന് 139.29 ഗ്രാം എംഡിഎംഎ പിടികൂടിയ കേസിൻ്റെ അന്വേഷണം അതിർത്തി കടന്ന് കൂടുതൽ നിർണ്ണായക കണ്ണികളിലേക്ക് എത്തുന്നു. കേസിലെ മുഖ്യപ്രതികളിൽ ഒരാളായ ഉത്തർപ്രദേശ് സ്വദേശി വിഷ്ണു കുമാറിനെ (26) അന്വേഷണ സംഘം മധ്യപ്രദേശിലെ ഇൻഡോറിൽ നിന്ന് സാഹസികമായി പിടികൂടി. ഇതോടെ കേസിൽ ഒരാളുടെ എണ്ണം എട്ടായി.

ജില്ലാ പോലീസ് മേധാവി നിധിൻ രാജിൻ്റെ മേൽനോട്ടത്തിൽ കാഞ്ഞങ്ങാട് ഡിവൈഎസ്പി എം. വി. അനിൽ കുമാറിൻ്റെ 17 അംഗ സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻ ടീമാണ് അന്വേഷണം നടത്തുന്നത്. പുതിയ അറസ്റ്റ് കേസിന് പിന്നിലെ വിപുലമായ അന്തർസംസ്ഥാന മയക്കുമരുന്ന് ശൃംഖലയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തുവരുമെന്ന പ്രതീക്ഷയിലാണ് അന്വേഷണ സംഘം.

കേസിലെ അന്തർസംസ്ഥാന ലഹരി ശൃംഖലയുമായി നേരിട്ട് ബന്ധമുള്ള അമ്പലത്തറ ബേളൂർ പാറപ്പള്ളി സ്വദേശിയായ കെ. മുഹമ്മദ് സാബീർ കെ. (33)യെ ഈ മാസം 19ന് അമ്പലത്തറയിൽ നിന്ന് അന്വേഷണ സംഘം പിടികൂടിയിരുന്നു. തുടർന്ന് പ്രതികളെ പോലീസ് കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്തതിൽ നിന്ന് ലഭിച്ച വിവരങ്ങളുടെ അന്വേഷണം കേരളത്തിന് പുറത്തേക്കും വ്യാപിപ്പിച്ചു.

അന്വേഷണത്തിൻ്റെ തുടർച്ചയായ മയക്കുമരുന്ന് ശൃംഖലയുടെ കേരളത്തിന് പുറത്തുള്ള മുഖ്യ ഇടനിലക്കാരിയെന്ന് പോലീസ് കണ്ടെത്തിയ ഗുജറാത്ത് അഹമ്മദാബാദ് ലാംബ സ്വദേശിനിയും നിലവിൽ വെസ്റ്റ് ബംഗാളിലെ ഹൗറ ജില്ലയിലെ നരേന്ദ്രപുട്ട് സ്വദേശിനിയുമായ റിയ ഖാൻ സാത്തി ഷേഖ് (31) കഴിഞ്ഞ ദിവസം പിടിയിലായിരുന്നു.

സാത്തി ഷേഖ് പിടിയിലായതോടെ വിഷ്ണു കുമാർ തൻ്റെ മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ചെയ്ത് ഒളിവിൽ പോയതായി പോലീസ് പറയുന്നു. എന്നാൽ ഇയാളെക്കുറിച്ചുള്ള വിവരങ്ങൾ ശേഖരിച്ച് അന്വേഷണം ശക്തമാക്കിയ സംഘം ഒടുവിൽ ഇൻഡോർ ബെടമ പോലീസ് സ്റ്റേഷൻ പരിധിയിൽ ഒളിവിൽ കഴിയുന്നതായി കണ്ടെത്തുകയായിരുന്നു.

ഹോസ്ദുർഗ് സബ് ഇൻസ്‌പെക്ടർ നീതു തച്ചഞ്ചേരി ഉൾപ്പെട്ട അന്വേഷണ സംഘത്തിൻ്റെ നീക്കത്തിലാണ് വിഷ്ണു കുമാർ പിടിയിലായത്. ഇയാളിൽ നിന്ന് കേസുമായി ബന്ധപ്പെട്ട നിർണ്ണായക വിവരങ്ങൾ ശേഖരിച്ചുവരികയാണ്.

ഇതിനിടെ കേരളത്തിലെ എൻഡിഎംഎ ലഹരി ശൃംഖലയിലെ പ്രധാനിയെന്ന് പൊലീസ് പറയുന്ന ഘാന സ്വദേശി വിക്ടർ ദസാബയെയും അന്വേഷണ സംഘം കൊല്ലത്ത് നിന്ന് പിടികൂടിയിരുന്നു. പുതിയ അറസ്റ്റോടെ ലഹരി കടത്തിൻ്റെ പ്രധാന കണ്ണികളിലേക്ക് അന്വേഷണം എത്തിയതായി പോലീസ് വ്യക്തമാക്കി.

ജില്ലാ പോലീസ് മേധാവിയുടെ നിർദ്ദേശപ്രകാരം കേസുമായി ബന്ധപ്പെട്ട കൂടുതൽ ആളുകളെ കണ്ടെത്തുന്നതിനും പിടികൂടുന്നതിനുമുള്ള നടപടികൾ സ്‌പെഷ്യൽ ഇൻവെസ്റ്റിഗേഷൻ ടീം അറിയിച്ചു.

പ്രതിയെ പിടികൂടിയ സംഘത്തിൽ സബ് ഇൻസ്‌പെക്ടർ നീതു തച്ചഞ്ചേരിക്ക് പുറമെ പോലീസ് ഉദ്യോഗസ്ഥരായ എ. സനീഷ്, കുമാർ, കെ. ടി. അനിൽ, ജ്യോതിഷ്, ജയേഷ് എന്നിവരും ഉണ്ടായിരുന്നു.

What's Your Reaction?

like

dislike

love

funny

angry

sad

wow