വിദ്യാര്‍ഥികളുടെ നേട്ടം ആഘോഷിച്ച് ആഞ്ജനേയ കായക്കുന്ന് കളരി സംഘം
പരപ്പ: കാഞ്ഞങ്ങാട് മുനിസിപ്പല്‍ ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടന്ന മാര്‍ഷ്യല്‍ ആര്‍ട്സ് ഫെസ്റ്റിലും 23-ാമത് ജില്ലാ കളരിപ്പയറ്റ് ചാമ്പ്യന്‍ഷിപ്പിലും മികച്ച നേട്ടം കൈവരിച്ച വിദ്യാര്‍ത്ഥികള്‍ക്ക് ആഞ്ജനേയ കായക്കുന്ന് കളരി സംഘത്തിന്റെ നേതൃത്വത്തില്‍ അനുമോദനം നല്കി.
മാര്‍ഷ്യല്‍ ആര്‍ട്സ് ഫെസ്റ്റില്‍ സ്വര്‍ണം, വെള്ളി, വെങ്കലം മെഡലുകള്‍ സ്വന്തമാക്കിയതോടൊപ്പം, ജില്ലാ കളരിപ്പയറ്റ് അസോസിയേഷനും ജില്ലാ സ്പോര്‍ട്സ് കൗണ്‍സിലും ചേര്‍ന്ന് സംഘടിപ്പിച്ച ജില്ലാ കളരിപ്പയറ്റ് ചാമ്പ്യന്‍ഷിപ്പില്‍ ഒന്നാം, രണ്ടാം, മൂന്നാം സ്ഥാനങ്ങള്‍ നേടിയ വിദ്യാര്‍ത്ഥികളെയാണ് ആദരിച്ചത്.
ഇടത്തോട് കായക്കുന്ന് കളരിയില്‍ നടന്ന അനുമോദന സമ്മേളനം ബളാല്‍ പഞ്ചായത്ത് പ്രസിഡന്റ് ലത എ ഉദ്ഘാടനം ചെയ്തു. ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ ചെയര്മാന് രഘുനാഥ് പി മാസ്റ്റര്‍ മുഖ്യാതിഥിയായി പങ്കെടുത്തു.
ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള പത്തോളം കളരി സംഘങ്ങളിലായി നൂറിലധികം വിദ്യാര്‍ത്ഥികള്‍ പങ്കെടുത്ത മത്സരത്തിലാണ് കായക്കുന്ന് കളരിയിലെ വിദ്യാര്‍ത്ഥികള്‍ ശ്രദ്ധേയ നേട്ടം സ്വന്തമാക്കിയത്. മണികണ്ഠന് ഗുരുക്കളുടെ പരിശീലനത്തിലാണ് വിദ്യാര്‍ത്ഥികള്‍ ഈ വിജയം കൈവരിച്ചത്.
ബളാല്‍ പഞ്ചായത്ത് അംഗം ജിത പി വി അധ്യക്ഷത വഹിച്ചു. കളരി സെക്രട്ടറി ചന്ദ്രന് ബി സ്വാഗതം പറഞ്ഞു. എസ്വിഎംജി യു.പി സ്കൂള്‍ ഇടത്തോട് എം.പി.ടി.എ പ്രസിഡന്റ് ചിഞ്ചു ജിനീഷ്, കളരി പ്രസിഡന്റ് ജോബി തോമസ്, ജോയിന്റ് സെക്രട്ടറി സജിനി എം എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. ജില്ലാ കളരിപ്പയറ്റ് അസോസിയേഷന് ജോയിന്റ് സെക്രട്ടറിയും ഗുരുക്കളുമായ മണികണ്ഠന് ചടങ്ങിന് നന്ദി രേഖപ്പെടുത്തി.
What's Your Reaction?