17കാരിയെ പീഡിപ്പിച്ചെന്ന കേസ്; ഗൾഫിലേക്ക് പോകാനിരിക്കെ ഓട്ടോ ഡ്രൈവർ പിടിയിൽ
കാസർഗോഡ്: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസിൽ ഓട്ടോ ഡ്രൈവറെ വിദ്യാനഗർ പോലീസ് പോക്സോ നിയമപ്രകാരം അറസ്റ്റ് ചെയ്തു. കുമ്പള ബാവലി മന അമീർ മൻസിലിലെ അബു താഹിർ (22)നെയാണ് വിദ്യാനഗർ പോലീസ് ഇൻസ്പെക്ടർ എം.പി. വിജീഷിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്.
2022–23 കാലയളവിൽ വിദ്യാനഗർ പോലീസ് സ്റ്റേഷൻ പരിധിയിൽ താമസിച്ചിരുന്ന 17കാരിയെ പീഡിപ്പിച്ചെന്നാണ് കേസ്. അടുത്ത ദിവസങ്ങളിൽ ഗൾഫിലേക്ക് പോകാൻ ഒരുങ്ങുന്നതിനിടെയാണ് പ്രതി പോലീസിന്റെ പിടിയിലായത്.
അടുത്തിടെ പെൺകുട്ടിക്ക് ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടർന്ന് വീട്ടുകാർ മൊബൈൽ ഫോൺ പരിശോധിച്ചപ്പോൾ അബു താഹിറുമായി സ്ഥിരമായി ആശയവിനിമയം നടത്തിയിരുന്നതായി കണ്ടെത്തി. തുടർന്ന് കൗൺസിലിങ്ങിന് വിധേയമാക്കിയപ്പോഴാണ് ലൈംഗിക പീഡനത്തിനിരയായ വിവരം പുറത്തുവന്നത്.
ഇതിനെ തുടർന്ന് കുടുംബം വിദ്യാനഗർ പോലീസിൽ പരാതി നൽകി. പരാതിയുടെ അടിസ്ഥാനത്തിൽ കേസെടുത്ത് അന്വേഷണം നടത്തിയ പോലീസ് അബു താഹിറിനെ അറസ്റ്റ് ചെയ്യുകയായിരുന്നു. സംഭവത്തിൽ കൂടുതൽ അന്വേഷണം തുടരുകയാണെന്ന് പോലീസ് അറിയിച്ചു.
What's Your Reaction?