4.2 കിലോഗ്രാം കഞ്ചാവുമായി പിടിയിലായ പ്രതിക്ക് കോടതി ഒരു വർഷം കഠിനതടവും 20,000 രൂപ പിഴയും വിധിച്ചു.
കാസർഗോഡ്: നിർമ്മാണത്തിലിരിക്കുന്ന വീടിനുള്ളിൽ ഒളിപ്പിച്ചുവെച്ച 4.2 കിലോഗ്രാം കഞ്ചാവുമായി പിടിയിലായ പ്രതിക്ക് കോടതി ഒരു വർഷം കഠിനതടവും 20,000 രൂപ പിഴയും വിധിച്ചു. മുബാറക് മൻസിൽ കുക്കാർ സ്വദേശി ഷെയ്ക്കാലിയുടെ മകൻ കെ എസ് മുഹമ്മദ് ബാത്തിഷ (42)യെയാണ് കാസറഗോഡ് അഡീഷണൽ ഡിസ്ട്രിക്റ്റ് & സെഷൻസ് കോടതി (രണ്ട്) ജഡ്ജ് രാമുരമേഷ് ചന്ദ്രഭാനു ശിക്ഷിച്ചത്. പിഴയടച്ചില്ലെങ്കിൽ പ്രതി രണ്ട് മാസം അധിക തടവ് കൂടി അനുഭവിക്കണം.
2020 ജൂലൈ അഞ്ചാം തീയതി വൈകിട്ട് ആറര മണിയോടെയാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. മംഗൽപാടി ഗ്രാമത്തിലെ ബൈത്തല എന്ന സ്ഥലത്ത് പ്രതിയുടെ നിർമ്മാണത്തിലിരിക്കുന്ന വീടിനകത്ത് വെച്ചാണ് ഇയാളെ കഞ്ചാവുമായി അന്നത്തെ കുമ്പള സബ്ബ്-ഇൻസ്പെക്ടർ എ സന്തോഷ്കുമാറും സംഘവും പിടികൂടിയത്.
അറസ്റ്റിന് ശേഷം കേസ് രജിസ്റ്റർ ചെയ്ത് കൃത്യമായ അന്വേഷണം നടത്തി കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത് അന്നത്തെ കുമ്പള ഇൻസ്പെക്ടർ പി പ്രമോദാണ്. വിചാരണ വേളയിൽ പ്രോസിക്യൂഷന് വേണ്ടി അഡീഷണൽ ഗവൺമെന്റ് പ്ലീഡർ ചന്ദ്രമോഹൻ ജി, അഡ്വ. ചിത്രകല എന്നിവർ ഹാജരായി. പ്രതിക്കെതിരെയുള്ള കുറ്റം സംശയരഹിതമായി തെളിയിക്കാൻ പ്രോസിക്യൂഷന് സാധിച്ചതിനെ തുടർന്നാണ് കോടതി കഠിനതടവും പിഴയും ചുമത്തിക്കൊണ്ട് വിധി പ്രസ്താവിച്ചത്.
What's Your Reaction?