പ്രശസ്ത മാപ്പിളപ്പാട്ട് കലാകാരനും സംഗീത സംവിധായകനുമായ കോഴിക്കോട് അബൂബക്കർ അന്തരിച്ചു
മാപ്പിളപ്പാട്ട് ഗാനശാഖയ്ക്ക് മൂവായിരത്തിലധികം അനശ്വര ഗാനങ്ങൾ സമ്മാനിച്ച അദ്ദേഹം സംഗീതലോകത്ത് സ്വന്തമായ വ്യക്തിമുദ്ര പതിപ്പിച്ച കലാകാരനായിരുന്നു
കോഴിക്കോട്: പ്രശസ്ത മാപ്പിളപ്പാട്ട് കലാകാരനും സംഗീത സംവിധായകനും തബലിസ്റ്റുമായ കോഴിക്കോട് അബൂബക്കർ എന്ന അവുക്ക (80) അന്തരിച്ചു. അരീക്കാട്ടെ ഉള്ളിശ്ശേരിക്കുന്നിലെ വീട്ടിൽ രാത്രി 12ഓടെയായിരുന്നു അന്ത്യം. പക്ഷാഘാതത്തെ തുടർന്ന് രണ്ടു മാസത്തോളമായി ചികിത്സയിലായിരുന്നു.
കിടപ്പിലാകുന്നതിന് രണ്ടു ദിവസം മുമ്പും പുതിയൊരു ഗാനത്തിന് അവുക്ക ഈണമിട്ടിരുന്നു. മാപ്പിളപ്പാട്ട് ഗാനശാഖയ്ക്ക് മൂവായിരത്തിലധികം അനശ്വര ഗാനങ്ങൾ സമ്മാനിച്ച അദ്ദേഹം സംഗീതലോകത്ത് സ്വന്തമായ വ്യക്തിമുദ്ര പതിപ്പിച്ച കലാകാരനായിരുന്നു.
യേശുദാസ് ആലപിച്ച ‘കരയാനും പറയാനും മനംതുറന്നിരിക്കാനും’, കെ.എസ്. ചിത്ര പാടിയ ‘യത്തീമിനത്താണീ’, ‘കണ്ണീരിൽ മുങ്ങി ഞാൻ കൈകൾ നീട്ടുന്നു പെരിയോനെ...’ തുടങ്ങിയ ഗാനങ്ങൾ ഏറെ ശ്രദ്ധ നേടിയവയാണ്. സുജാത, എം.ജി. ശ്രീകുമാർ, അഫ്‌സൽ, ഷഹബാസ് അമൻ തുടങ്ങി നിരവധി പ്രമുഖ ഗായകർ അവുക്കയുടെ സംഗീത സംവിധാനത്തിൽ ഗാനങ്ങൾ ആലപിച്ചിട്ടുണ്ട്.
‘ഈണങ്ങളുടെ സുൽത്താൻ’ എന്ന പേരിൽ ഹമീദ് കോളിയടുക്കം രചിച്ച അവുക്കയെക്കുറിച്ചുള്ള പുസ്തകം പുറത്തിറങ്ങാനിരിക്കെയാണ് അദ്ദേഹത്തിന്റെ വിയോഗം.
ദേവരാജൻ മാസ്റ്ററുടെയും രവി ബോംബെയുടെയും പ്രിയപ്പെട്ട തബലിസ്റ്റ് കൂടിയായിരുന്നു അബൂബക്കർ. പ്രശസ്ത സിനിമാതാരം മാമുക്കോയ അദ്ദേഹത്തിന്റെ സഹപാഠിയായിരുന്നു. പ്രശസ്ത സംഗീതസംവിധായകൻ ബാബുരാജിന്റെ ട്രൂപ്പിലൂടെയാണ് അവുക്ക സംഗീതലോകത്തേക്കുള്ള അരങ്ങേറ്റം.
ഭാര്യ: കെ.വി. സുബൈദ. മക്കൾ: ഗുലാം അലി, പരേതനായ ഫയാസ്, റോഷ്നി, ഫെമിന, സജിന. മരുമക്കൾ: സലാം അസീസ്, അസീസ് കാഞ്ഞങ്ങാട്, സൗദാബി, അഫ്സീന.
What's Your Reaction?