ആലുവയിൽ യുവാവിനെ കല്ലെറിഞ്ഞുവീഴ്ത്തി കവർച്ച; മൂന്നുപേർ അറസ്റ്റിൽ. ഫോൺ കാസർകോട് ഉപേക്ഷിച്ചു

Sep 15, 2026 - 22:02
 0
ആലുവയിൽ യുവാവിനെ കല്ലെറിഞ്ഞുവീഴ്ത്തി കവർച്ച; മൂന്നുപേർ അറസ്റ്റിൽ. ഫോൺ കാസർകോട് ഉപേക്ഷിച്ചു

ആലുവ: റെയിൽവേ സ്റ്റേഷന് സമീപം യുവാവിനെ കല്ലെറിഞ്ഞുവീഴ്ത്തി മാലയും പണവും കവർന്ന കേസിൽ മൂന്നുപേർ അറസ്റ്റിൽ. മഞ്ഞപ്പെട്ടി പ്ലാവിലപ്പറമ്പിൽ സനൽ ചന്ദ്രൻ (38), തിരുവനന്തപുരം പള്ളിക്കൽ ചെമ്പിളവിളയിൽ സജാദ് ഷാജഹാൻ (25), നെടുമ്പാശ്ശേരി മേക്കാട് മാളിയേക്കൽ ജോബി (44) എന്നിവരെയാണ് പ്രത്യേക അന്വേഷണസംഘം അറസ്റ്റ് ചെയ്തത്.

കോടനാട് കുറിച്ചിലക്കോട് മനേപ്പിള്ളിൽ ജോഫിൻ ബിജുവിനെയാണ് (28) പ്രതികൾ ആക്രമിച്ച് കവർന്നത്. ഈ മാസം 13ന് പുലർച്ചെ മൂന്നരയോടെയായിരുന്നു സംഭവം. ആക്രമണത്തിൽ പരിക്കേറ്റ ജോഫിൻ കോലഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.

ജോബി നൽകിയ വിവരങ്ങളും സിസിടിവി ദൃശ്യങ്ങളും പ്രദേശത്തെ സ്ഥിരം കുറ്റവാളികളെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണവുമാണ് പ്രതികളിലേക്ക് എത്താൻ സഹായിച്ചത്. ഒന്നാം പ്രതിയായ സനൽ കൊല്ലൂരിലേക്ക് രക്ഷപ്പെട്ടതായി അന്വേഷണസംഘത്തിന് വിവരം ലഭിച്ചിരുന്നു. മൊബൈൽ ഫോൺ കാസർകോട് ഉപേക്ഷിച്ച ഇയാൾ പെരുമ്പാവൂരിന് സമീപമെത്തിയതായി വിവരം ലഭിച്ചതിനെ തുടർന്ന് പിടികൂടുകയായിരുന്നു. സനലിന്റെ പക്കൽനിന്ന് സർജിക്കൽ ബ്ലേഡ് ഉൾപ്പെടെയുള്ള ആയുധങ്ങളും കണ്ടെത്തി.

സനലിൽനിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് മറ്റ് പ്രതികളെ പിടികൂടിയത്. മാല വിൽക്കാൻ ഏൽപ്പിച്ചിരുന്ന ജോബിയെ അങ്കമാലിയിൽനിന്നും സജാദിനെ എറണാകുളം നോർത്ത് റെയിൽവേ സ്റ്റേഷന് സമീപത്തുനിന്നുമാണ് അറസ്റ്റ് ചെയ്തത്. സജാദിന്റെ പക്കൽനിന്ന് ഒരു മാലയും കണ്ടെടുത്തു.

ഒന്നും രണ്ടും പ്രതികൾക്കെതിരെ കേരളത്തിലെ വിവിധ പൊലീസ് സ്റ്റേഷനുകളിലായി ആറ് കേസുകൾ നിലവിലുണ്ടെന്ന് പൊലീസ് അറിയിച്ചു.

What's Your Reaction?

like

dislike

love

funny

angry

sad

wow