മടിക്കൈയിൽ കെഎസ്ഇബി സെക്ഷൻ ഓഫീസ് വേണം; ജീവനക്കാരുടെ സുരക്ഷയും വൈദ്യുതി വിതരണ കാര്യക്ഷമതയും പ്രതിസന്ധിയിൽ
മാവുങ്കൽ സെക്ഷനിൽ നിലവിൽ ഏകദേശം 27,000 ഉപഭോക്താക്കളാണുള്ളത്. എന്നാൽ ഇതിന് ആനുപാതികമായ ജീവനക്കാരില്ലെന്നാണ് പരാതി. നിലവിൽ എട്ട് ലൈൻമാൻമാർ മാത്രമാണുള്ളത്. ഉപഭോക്താക്കളുടെ എണ്ണവും സെക്ഷന്റെ ഭൗമിക വ്യാപ്തിയും കണക്കിലെടുക്കുമ്പോൾ കുറഞ്ഞത് 18 ലൈൻമാൻമാരെങ്കിലും ആവശ്യമാണ്
മടിക്കൈ: വൈദ്യുതി വിതരണം കാര്യക്ഷമമാക്കുന്നതിനും തകരാറുകൾ വേഗത്തിൽ പരിഹരിക്കുന്നതിനുമായി മടിക്കൈയിൽ കെഎസ്ഇബി സെക്ഷൻ ഓഫീസ് അനുവദിക്കണമെന്ന ആവശ്യം ശക്തമാകുന്നു. നിലവിൽ മാവുങ്കാൽ സെക്ഷന്റെ വിശാലമായ പരിധിയിൽ ഉൾപ്പെടുന്ന മടിക്കൈ മേഖലയിലേക്ക് ദൂരപരിധിയും ജീവനക്കാരുടെ കുറവും മൂലം സമയബന്ധിതമായി സേവനം എത്തിക്കുന്നതിൽ പ്രായോഗിക ബുദ്ധിമുട്ടുകൾ നേരിടുന്ന സാഹചര്യത്തിലാണ് പുതിയ സെക്ഷൻ എന്ന ആവശ്യം വീണ്ടും ഉയരുന്നത്. മടിക്കൈയ്ക്കു പുറമെ വടക്ക് പുല്ലൂർ, പൊള്ളക്കട വരെയും പടിഞ്ഞാറ് കിഴക്കുംങ്കര, വെള്ളിക്കോത്ത്, അടോട്ട് വരെയും കിഴക്ക് ഇരിയ വരെയും വ്യാപിച്ചുകിടക്കുന്ന മേഖലയിലേക്ക് മാവുങ്കൽ സെക്ഷൻ ഓഫീസിൽനിന്ന് 10 മുതൽ 15 കിലോമീറ്റർ വരെ സഞ്ചരിച്ചാണ് വൈദ്യുതി തകരാറുകൾ പരിഹരിക്കേണ്ടിവരുന്നത്.
അമ്പലത്തുകര, കാലിച്ചാംപൊതി, കാഞ്ഞിരപ്പൊയിൽ, കണിച്ചിറ, മുണ്ടോട്ട്, ചുണ്ട, വെള്ളച്ചേരി, കാരാക്കോട്, കോടോം ബേളൂർ പഞ്ചായത്തിന്റെ അതിർത്തി പ്രദേശമായ പനങ്ങാട്, ആനക്കുഴി, കാഞ്ഞങ്ങാട് നഗരസഭയിൽപ്പെടുന്ന ആലയി തുടങ്ങിയ പ്രദേശങ്ങളെ ഉൾപ്പെടുത്തി മടിക്കൈയിൽ പ്രത്യേക സെക്ഷൻ രൂപീകരിക്കണമെന്നാണ് ആവശ്യം.
മാവുങ്കാൽ സെക്ഷനിൽ നിലവിൽ ഏകദേശം 27,000 ഉപഭോക്താക്കളാണുള്ളത്. എന്നാൽ ഇതിന് ആനുപാതികമായ ജീവനക്കാരില്ലെന്നാണ് പരാതി. നിലവിൽ എട്ട് ലൈൻമാൻമാർ മാത്രമാണുള്ളത്. ഉപഭോക്താക്കളുടെ എണ്ണവും സെക്ഷന്റെ ഭൗമിക വ്യാപ്തിയും കണക്കിലെടുക്കുമ്പോൾ കുറഞ്ഞത് 18 ലൈൻമാൻമാരെങ്കിലും ആവശ്യമാണ്.
ജീവനക്കാരുടെ കുറവ് മഴക്കാലത്ത് കൂടുതൽ പ്രതിസന്ധി സൃഷ്ടിക്കുന്നു. മരങ്ങൾ വീണും പോസ്റ്റുകൾക്കും വൈദ്യുതി ലൈനുകൾക്കും തകരാറുകൾ സംഭവിച്ചും വിവിധ ഭാഗങ്ങളിൽ ഒരേസമയം വൈദ്യുതി തടസ്സപ്പെടുന്ന സാഹചര്യത്തിൽ ദൂരെയുള്ള പ്രദേശങ്ങളിൽനിന്ന് ജീവനക്കാർ എത്തി അറ്റകുറ്റപ്പണി നടത്തേണ്ടിവരുന്നത് തകരാർ പരിഹരിക്കുന്നതിനുള്ള സമയം വർദ്ധിപ്പിക്കുന്നു.
മാവുങ്കാൽ, സോളാർ സബ്സെക്ഷനുകളുടെ പരിധിയിലായി മടിക്കൈ മേഖലയിലെ നിരവധി ഫീഡറുകൾ പ്രവർത്തിക്കുന്നുണ്ട്. ഒരു ഭാഗത്തുണ്ടാകുന്ന തകരാർ സമീപപ്രദേശങ്ങളിലെ വൈദ്യുതി വിതരണത്തെയും ബാധിക്കുന്ന സാഹചര്യമുണ്ട്. മഴക്കാലത്ത് ഇത് കൂടുതൽ രൂക്ഷമാകുന്നു.
മഴക്കാലത്ത് മാവുങ്കാൽ സെക്ഷനിൽ വൈദ്യുതി സംബന്ധമായ പരാതികളുടെ എണ്ണം ഗണ്യമായി ഉയരുന്നുണ്ട്. നിലവിൽ മടിക്കൈ ഭാഗത്തേയ്ക്ക് രണ്ട് ലൈൻമാൻമാരുടെ സേവനമാണ് ലഭിക്കുന്നത്. ഏച്ചിക്കാനം തുടങ്ങി മടിക്കൈയുടെ വിശാലമായ പ്രദേശങ്ങളിലെ പരാതികളും ഇവർക്ക് കൈകാര്യം ചെയ്യേണ്ടിവരുന്നു.
ഒരു ദിവസം 20 മുതൽ 25 വരെ പരാതികൾ ലഭിക്കുന്ന സാഹചര്യങ്ങളുമുണ്ടെന്ന് അധികൃതർ സാക്ഷ്യപ്പെടുത്തുന്നു. വിവിധ സ്ഥലങ്ങളിൽ ഒരേസമയം ലൈനുകളിലും പോസ്റ്റുകളിലും തകരാറുകൾ സംഭവിച്ചാൽ നിലവിലുള്ള ജീവനക്കാരെ ഉപയോഗിച്ച് എല്ലാ പരാതികളും സമയബന്ധിതമായി പരിഹരിക്കുക പ്രായോഗികമായി ഏറെ ബുദ്ധിമുട്ടാണ്.
വൈദ്യുതി തകരാർ പരിഹരിക്കുന്ന ജോലിയിൽ സുരക്ഷാ നടപടികൾ പൂർണമായും പാലിക്കേണ്ടതിനാൽ ഓരോ പരാതിയും പരിഹരിക്കാൻ സ്വാഭാവികമായും സമയം ആവശ്യമാണ്. എന്നാൽ വൈദ്യുതി തടസ്സം നേരിടുന്ന ഉപഭോക്താക്കളുടെ അടിയന്തര പരിഹാരത്തിനുള്ള സമ്മർദ്ദം വൈകുന്നേരത്തോടെ പരിഹരിക്കപ്പെടാത്ത പരാതികളുമായി ബന്ധപ്പെട്ട തുടർപരാതികളും ജീവനക്കാരിൽ അധിക സമ്മർദ്ദം സൃഷ്ടിക്കുന്നു.
കൂടുതൽ പരാതികൾ കുറഞ്ഞ സമയത്തിനുള്ളിൽ പരിഹരിക്കണമെന്ന സമ്മർദ്ദം ജോലിയുടെ വേഗത വർധിപ്പിക്കാൻ ജീവനക്കാരെ നിർബന്ധിതരാക്കുന്ന സാഹചര്യമുണ്ടാകാം. വൈദ്യുതി മേഖലയിലെ ജോലികളിൽ സുരക്ഷയിൽ യാതൊരു വിട്ടുവീഴ്ചയ്ക്കും ഇടയില്ലെന്നിരിക്കെ, വർദ്ധിച്ച ജോലിഭാരവും സമയസമ്മർദ്ദവും ജീവനക്കാരുടെ സുരക്ഷയ്ക്ക് ഭീഷണിയാകുമെന്ന ആശങ്കയും ഉയരുന്നു.
കഴിഞ്ഞ മാസം കാലിച്ചാംപൊതി–കണിച്ചിറ ഭാഗത്ത് സപ്ലൈ സ്ഥാപിക്കുന്നതിനിടെ ലൈൻമാൻ വൈദ്യുതാഘാതമേറ്റ് മരിച്ച സംഭവം ജീവനക്കാരുടെ സുരക്ഷയ്ക്ക് നൽകേണ്ട പ്രാധാന്യം വീണ്ടും വ്യക്തമാക്കുന്നതായി നാട്ടുകാർ ചൂണ്ടിക്കാട്ടുന്നു. വർദ്ധിച്ചുവരുന്ന ജോലിഭാരം, വിശാലമായ പ്രവർത്തനപരിധി, ജീവനക്കാരുടെ കുറവ് എന്നിവ കണക്കിലെടുത്ത് സുരക്ഷാ സംവിധാനങ്ങളും ജീവനക്കാരുടെ ലഭ്യതയും അടിയന്തരമായി പുനഃപരിശോധിക്കണമെന്നാണ് ആവശ്യം.
പൂത്തക്കാൽ പി.എച്ച്.സി. ഉൾപ്പെടെ നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങളും പൊതുസ്ഥാപനങ്ങളും മടിക്കൈ മേഖലയിലുണ്ട്. മുക്കുണ്ട്, മണക്കടവ് ഭാഗങ്ങളിലെ ജല അതോറിറ്റിയുടെ പമ്പ് ഹൗസുകൾ, മുണ്ടോട്ട് മൈലാട്ടിക്കുന്നിലെ പ്രധാന വാട്ടർ ട്രീറ്റ്മെന്റ് പ്ലാന്റ്, വിവിധ പ്രദേശങ്ങളിലെ കുടിവെള്ള വിതരണ സംവിധാനങ്ങൾ എന്നിവയും വൈദ്യുതിയെ ആശ്രയിച്ചാണ് പ്രവർത്തിക്കുന്നത്.
അതുകൊണ്ടുതന്നെ വൈദ്യുതി തടസ്സപ്പെടുന്നത് വീടുകളെയും വ്യാപാര സ്ഥാപനങ്ങളെയും മാത്രമല്ല, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ആരോഗ്യകേന്ദ്രങ്ങൾ, കുടിവെള്ള വിതരണം തുടങ്ങിയ അവശ്യ സേവനങ്ങളെയും നേരിട്ട് ബാധിക്കുന്നു.
മാവുങ്കാൽ സെക്ഷന്റെ പരിധിയിൽ നൂറുകണക്കിന് വ്യവസായിക കണക്ഷനുകളുമുണ്ട് എന്നതും എടുത്തു പറയേണ്ട കാര്യമാണ്. ഗുരുവനത്ത് ആരംഭിക്കുന്ന പുതിയ വ്യവസായ മേഖലയിലേക്കുള്ള വൈദ്യുതി വിതരണവും ഇതേ സെക്ഷനിൽനിന്നാണ് ക്രമീകരിക്കേണ്ടത്. ഇതോടെ സെക്ഷന്റെ പ്രവർത്തനപരിധിയും ഉത്തരവാദിത്വവും ഇനിയും വർദ്ധിക്കും.
നിലവിലുള്ള ഉപഭോക്താക്കളുടെ എണ്ണം, ഭൗമിക വ്യാപ്തി, വ്യവസായിക കണക്ഷനുകൾ, പുതിയ വ്യവസായ മേഖല എന്നിവ കണക്കിലെടുക്കുമ്പോൾ നിലവിലെ സംവിധാനത്തിൽ തന്നെ കൂടുതൽ ചുമതല ഏൽപ്പിക്കുന്നത് സേവന വിതരണത്തെ ബാധിക്കുമെന്ന ആശങ്കയും ശക്തമാണ്.
110 കെ.വി. കാഞ്ഞങ്ങാട് സബ്സ്റ്റേഷനുമായി ബന്ധപ്പെട്ട മാവുങ്കാൽ സെക്ഷന്റെ നിലവിലെ പ്രവർത്തനഭാരം, പരിധി, ഉപഭോക്താക്കളുടെ എണ്ണം, ജീവനക്കാരുടെ ലഭ്യത, മഴക്കാലത്തെ അധിക പരാതികൾ, ഓരോ തകരാറും പരിഹരിക്കുന്നതിന് ആവശ്യമായ സമയം എന്നിവ സമഗ്രമായി വിലയിരുത്തണമെന്നാണ് ആവശ്യം.
മടിക്കൈയിൽ പുതിയ സെക്ഷൻ ഓഫീസ് ആരംഭിച്ചാൽ പ്രദേശത്തെ വൈദ്യുതി തകരാറുകൾ വേഗത്തിൽ പരിഹരിക്കുന്നതിനൊപ്പം മാവുങ്കാൽ, നീലേശ്വരം സെക്ഷനുകളുടെ പ്രവർത്തനഭാരവും കുറയ്ക്കാനാകുമെന്നാണ് വിലയിരുത്തൽ. പൂത്തക്കാലിൽ സെക്ഷൻ ഓഫീസ് ആരംഭിക്കുന്നതിലൂടെ നീലേശ്വരം ഭാഗത്തെ ചില പ്രദേശങ്ങൾ കൂടി ഉൾപ്പെടുത്തി നിലവിലെ സെക്ഷൻ പരിധികൾ പുനഃക്രമീകരിക്കാനും സാധിക്കുമെന്നാണ് അഭിപ്രായം.
മടിക്കൈയിൽ കെഎസ്ഇബി സെക്ഷൻ ഓഫീസ് അനുവദിക്കണമെന്ന ആവശ്യം വർഷങ്ങളായി ഉയരുന്നുണ്ടെങ്കിലും ഇതുവരെ നടപടിയുണ്ടായിട്ടില്ല. ജനസംഖ്യയും വൈദ്യുതി ഉപഭോക്താക്കളുടെ എണ്ണവും പ്രദേശത്തിന്റെ വ്യാപ്തിയും വ്യവസായിക സ്ഥാപനങ്ങളും അവശ്യ സേവന സ്ഥാപനങ്ങളും വർധിച്ച സാഹചര്യത്തിൽ ഇനിയും വൈകാതെ തീരുമാനം ഉണ്ടാകണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
സെക്ഷൻ ഓഫീസ് അനുവദിക്കുന്നതിനൊപ്പം നിലവിലെ മാവുങ്കാൽ സെക്ഷനിൽ ആവശ്യമായ അധിക ജീവനക്കാരെ നിയമിക്കണമെന്നും ആവശ്യമുണ്ട്. പ്രത്യേകിച്ച് മഴക്കാലത്ത് അധിക ജീവനക്കാരെ അനുവദിക്കുന്നത് തകരാറുകൾ പരിഹരിക്കുന്നതിലെ കാലതാമസം കുറയ്ക്കുന്നതിനും നിലവിലുള്ള ജീവനക്കാരുടെ അമിത ജോലിഭാരം ഒഴിവാക്കുന്നതിനും സഹായിക്കുമെന്നാണ് വിലയിരുത്തൽ.
വൈദ്യുതി വിതരണത്തിലെ കാര്യക്ഷമതയും ഉപഭോക്തൃ സേവനവും ഉറപ്പാക്കുന്നതിനൊപ്പം ജീവനക്കാരുടെ സുരക്ഷയ്ക്കും തുല്യ പ്രാധാന്യം നൽകേണ്ട സമയമാണിത്. മടിക്കൈയിൽ പുതിയ സെക്ഷൻ അനുവദിക്കുക, ആവശ്യത്തിന് ജീവനക്കാരെ നിയമിക്കുക, നിലവിലെ സെക്ഷൻ പരിധികൾ പുനഃക്രമീകരിക്കുക, മഴക്കാലത്ത് അധിക ജീവനക്കാരെ അനുവദിക്കുക തുടങ്ങിയ നടപടികൾ അടിയന്തരമായി പരിഗണിക്കണമെന്നാണ് നാട്ടുകാരുടെയും ജീവനക്കാരുടെയും ആവശ്യം.
ഉപഭോക്താക്കൾ വർധിക്കുകയും പ്രവർത്തനപരിധി വികസിക്കുകയും പരാതികൾ പെരുകുകയും ചെയ്യുന്ന സാഹചര്യത്തിൽ പഴയ സംവിധാനത്തെ മാത്രം ആശ്രയിച്ച് മുന്നോട്ടുപോകുന്നത് സേവന നിലവാരത്തെയും ജീവനക്കാരുടെ സുരക്ഷയെയും ഒരുപോലെ ബാധിക്കുമെന്നതിനാൽ മാവുങ്കാൽ സെക്ഷന്റെ നിലവിലെ സാഹചര്യം സമഗ്രമായി വിലയിരുത്തി ആവശ്യമായ ഭരണപരവും സാങ്കേതികവുമായ നടപടികൾ അടിയന്തരമായി സ്വീകരിക്കണമെന്ന ആവശ്യം ശക്തമാകുകയാണ്.
What's Your Reaction?