വീടെന്ന സ്വപ്നം ബാക്കിയാക്കി സാദിഖ് യാത്രയായി

Aug 30, 2026 - 07:25
 0
വീടെന്ന സ്വപ്നം ബാക്കിയാക്കി സാദിഖ് യാത്രയായി

മടിക്കൈ: സ്വന്തമായി ഒരു വീടെന്ന സ്വപ്നം മനസ്സിൽ സൂക്ഷിച്ച് ജീവിതം മുന്നോട്ടുകൊണ്ടുപോയ സാദിഖിൻ്റെ ജീവിതയാത്രയ്ക്ക് അപ്രതീക്ഷിതമായ ദുരന്തം വിരാമമായി. മടിക്കൈ കുളങ്ങാട്ട് ചെങ്കല്ലുമായി പോയ ടിപ്പർ നിയന്ത്രണം വിട്ട് റോഡരികിലെ വീടിനു മുകളിലേക്ക് മറിഞ്ഞ് വീണുണ്ടായ അപകടത്തിലാണ് ചായ്യോത്ത് പള്ളിക്ക് സമീപത്തെ ക്വാർട്ടേഴ്സിൽ താമസിക്കുന്ന കെ.പി. കരീമിൻ്റെ മകൻ സാദിഖ് (35) ദാരുണമായി മരിച്ചത്.

ശനിയാഴ്ച രാവിലെ 7.30ഓടെയായിരുന്നു നാടിനെ നടുക്കിയ അപകടം. കുളങ്ങാട്ടുനിന്ന് ചെങ്കല്ല് കയറ്റി പെരളം-കാലിക്കടവ് ഭാഗത്തേക്ക് പോകുന്നതിനിടെയാണ് റോഡിൻ്റെ അരിക് ഇടിഞ്ഞ് ടിപ്പർ നിയന്ത്രണം വിട്ടത്. തുടർന്ന് ടിപ്പർ സമീപത്തെ കാലിക്കടവ് ഗോപാലൻ്റെ വീടിനു മുകളിലേക്ക് മറിഞ്ഞുവീഴുകയായിരുന്നു. അപകടത്തിൽ വീടിന് ഭാഗികമായി കേടുപാടുകൾ സംഭവിച്ചു.

ഡ്രൈവിങ്ങിനോടുള്ള അടങ്ങാത്ത താൽപ്പര്യമാണ് ചെറുപ്പത്തിൽ തന്നെ സാദിഖിനെ വാഹനലോകത്തേക്ക് എത്തിച്ചത്. ലോറിയിൽ ക്ലീനറായി ജോലി ആരംഭിച്ച അദ്ദേഹം പിന്നീട് ഡ്രൈവിങ് ലൈസൻസ് സ്വന്തമാക്കി ടിപ്പർ ലോറി ഡ്രൈവറായി മാറുകയായിരുന്നു.

കാസർകോട് സ്വദേശിയായ ഖാദറിൻ്റെ ചെങ്കൽ ക്വാറിയുമായി ബന്ധപ്പെട്ടാണ് സാദിഖ് ജോലി ചെയ്തിരുന്നത്. അടുത്തിടെയാണ് ചെങ്കല്ല് കൊണ്ടുപോകുന്നതിനായി നന്ദൻ എന്നയാളുടെ ടിപ്പറിൽ ജോലിക്ക് കയറിയത്. എന്നാൽ ജീവിതത്തിലെ പുതിയ പ്രതീക്ഷകളുമായി മുന്നോട്ടുപോകുന്നതിനിടെയാണ് വിധി സാദിഖിനെ ദുരന്തത്തിലേക്ക് തള്ളിവിട്ടത്.

നാട്ടുകാർക്കെല്ലാം ഏറെ പ്രിയപ്പെട്ടവനായിരുന്നു സാദിഖ്. എല്ലാവരോടും സൗഹൃദത്തോടെയും സ്നേഹത്തോടെയും പെരുമാറിയിരുന്ന അദ്ദേഹത്തിൻ്റെ അപ്രതീക്ഷിത വിയോഗം നാട്ടുകാരെയും സുഹൃത്തുക്കളെയും കണ്ണീരിലാഴ്ത്തി.

വീടെന്ന വലിയ സ്വപ്നം ബാക്കിയാക്കിയാണ് സാദിഖിൻ്റെ മടക്കം. മാതാവ് ഫാത്തിമ. ഭാര്യ: റിസ്വാന. മകൻ: ഇസാൻ(2). സഹോദരങ്ങൾ: ഷാഫി, നുസ്റത്ത്, തസ്ലീമ, ഷാജിത, സാബിറ, കുഞ്ഞാസിയ.

മൃതദേഹം ജില്ലാശുപത്രിയിലെ പോസ്റ്റുമോർട്ടത്തിന് ശേഷം വൻ ജനാവലിയുടെ സാനിദ്ധ്യത്തിൽ ചായ്യോത്ത് ജുമാ മസ്ജിദ് ഖബർസ്ഥാനിൽ മറവ് ചെയ്തു.

What's Your Reaction?

like

dislike

love

funny

angry

sad

wow