ചരിത്രത്തിലേക്ക് മറഞ്ഞ് കാര്യങ്കോട് റെയിൽപാലം; ബ്രിട്ടീഷ് കാലത്തിന്റെ ശേഷിപ്പുകൾ ഇനി ഓർമകളിൽ
നീലേശ്വരം: കാലം കൊത്തിവെച്ച കല്ലുകളും ഇരുമ്പുപാളങ്ങളും സാക്ഷിയാക്കി ഒരു നൂറ്റാണ്ടിലേറെക്കാലം കാര്യങ്കോട് പുഴയ്ക്ക് കുറുകെ തലയുയർത്തി നിന്ന റെയിൽപാലം ഇനി ചരിത്രത്തിന്റെ ഭാഗമാകുന്നു. ബ്രിട്ടീഷ് ഭരണകാലത്ത് നിർമ്മിച്ച 120 വർഷത്തോളം പഴക്കമുള്ള കാര്യങ്കോട് റെയിൽപാലം പൊളിച്ചുനീക്കുന്ന പ്രവൃത്തികൾ ആരംഭിച്ചു. തമിഴ്നാട്ടിലെ തിരുച്ചിറപ്പള്ളിയിലെ കമ്പി നിർമാണ ഫാക്ടറിയിലേക്ക് കൊണ്ടുപോകുന്നതിനായാണ് പാലത്തിന്റെ ഭാഗങ്ങൾ അഴിച്ചുമാറ്റുന്നത്. ഈ മാസം 25നകം പാലം പൂർണമായും പൊളിച്ചുനീക്കുമെന്നാണ് വിവരം.
നിലവിൽ റെയിൽവേ പാളങ്ങളും മറ്റ് ഇരുമ്പ് ഭാഗങ്ങളുമാണ് അഴിച്ചുമാറ്റി കൊണ്ടുപോകുന്നത്. പാലത്തിന്റെ കല്ലുതൂണുകൾ പുഴയിൽ തന്നെ നിലനിർത്തുമെന്നാണ് അറിയുന്നത്. ഇതോടെ ഒരു നാടിന്റെ ഗതാഗത ചരിത്രത്തിനൊപ്പം നിരവധി തലമുറകളുടെ ഓർമകളും പേറിനിന്ന പാലത്തിന്റെ യാത്രയ്ക്ക് വിരാമമാകുകയാണ്.
1906-ൽ പണിത പാലം
1906-ലാണ് കാര്യങ്കോട് പുഴയ്ക്ക് കുറുകെ 15 കല്ലുതൂണുകളിൽ ബ്രിട്ടീഷുകാർ റെയിൽപാലം നിർമിച്ചത്. നീലേശ്വരത്തിന്റെ പഴയ പ്രതാപത്തിന്റെയും ചരിത്രത്തിന്റെയും അടയാളങ്ങൾ പേറുന്ന ചെങ്കല്ലുകളായിരുന്നു പാലത്തിന്റെ തൂണുകൾക്ക് പ്രധാനമായും ഉപയോഗിച്ചതെന്ന് പറയപ്പെടുന്നു. കാലം മറച്ചുപോയ നീലേശ്വരത്തെ കോട്ടകളുടെ അവശിഷ്ടങ്ങളുമായി പാലത്തിന്റെ കല്ലുകൾക്ക് ബന്ധമുണ്ടെന്നത് ചരിത്രാന്വേഷകരെയും നാട്ടുകാരെയും സംബന്ധിച്ച് ഏറെ കൗതുകകരമായ കാര്യമാണ്.
പാലായി, പുതുക്കൈ, വീരമലക്കോട്ട, ചാത്തമത്ത് കോട്ട, തിരിക്കുന്ന് കോട്ട തുടങ്ങിയ പ്രദേശങ്ങളിലെ കോട്ടകളിൽ നിന്നുള്ള കല്ലുകളും പാലം നിർമാണത്തിനായി ഉപയോഗിച്ചിട്ടുണ്ടെന്നാണ് പ്രാദേശികമായി പറയപ്പെടുന്നത്. റെയിൽപാലത്തിന്റെ നിർമാണത്തിനായി കോട്ടകളിൽനിന്ന് കല്ലുകൾ വ്യാപകമായി എടുത്തതുകൊണ്ടാകാം അവയിൽ പലതിന്റെയും നാശത്തിന് വഴിയൊരുങ്ങിയതെന്ന അഭിപ്രായവും നിലനിൽക്കുന്നുണ്ട്.
പരപ്പയിലെ ബ്രിട്ടീഷ് മില്ലിൽനിന്ന് സ്ലീപ്പറുകൾ
പാലത്തിലെ റെയിൽവേ സ്ലീപ്പറുകൾ നിർമിച്ചതും ബ്രിട്ടീഷ് കാലത്തെ മറ്റൊരു ഓർമയുമായി ബന്ധപ്പെട്ടതാണ്. പരപ്പയിൽ ബ്രിട്ടീഷ് ഗവൺമെന്റിന്റെ ഉടമസ്ഥതയിൽ പ്രവർത്തിച്ചിരുന്ന തടിമില്ലിൽനിന്നാണ് സ്ലീപ്പറുകൾ നിർമിച്ചിരുന്നതെന്നാണ് പഴമക്കാർ പറയുന്നത്.
റെയിൽപാലം വന്നതോടെ പ്രദേശത്തിന്റെ യാത്രാ ചരിത്രത്തിലും വലിയ മാറ്റങ്ങളുണ്ടായി. പാലത്തിലൂടെ ട്രെയിൻ കടന്നുപോകുമ്പോൾ പ്രദേശവാസികൾക്ക് സുരക്ഷിതമായി മാറിനിൽക്കുന്നതിനുള്ള പ്രത്യേക സൗകര്യങ്ങളും ഒരുക്കിയിരുന്നു. പുഴയുടെ ഇരുകരകളെയും ബന്ധിപ്പിച്ച പാലം പിന്നീട് തലമുറകളുടെ യാത്രകളുടെയും ഓർമകളുടെയും ഭാഗമായിത്തീർന്നു.
അവസാന ട്രെയിൻ 2023 മേയ് 18ന്
ഒരു കാലഘട്ടത്തിന്റെ യാത്ര അവസാനിപ്പിച്ച് 2023 മേയ് 18നാണ് അവസാന ട്രെയിൻ ഈ പാലത്തിലൂടെ കടന്നുപോയത്. 2022ൽ പുതിയ റെയിൽപാലത്തിന്റെ നിർമാണം പൂർത്തിയായതോടെയാണ് പഴയ പാലം ഒഴിവാക്കാൻ തീരുമാനിച്ചത്. അതോടെ 117 വർഷത്തിലേറെ നീണ്ട റെയിൽയാത്രയുടെ അധ്യായവും അവസാനിച്ചു.
പുതിയ പാലം വന്നതോടെ പഴയ പാലം സംരക്ഷിച്ച് ചരിത്രസ്മാരകമാക്കണമെന്ന ആവശ്യം വിവിധ കോണുകളിൽനിന്ന് ഉയർന്നിരുന്നു. നാടിന്റെ ഗതാഗതചരിത്രവും ബ്രിട്ടീഷ് കാലഘട്ടത്തിന്റെ നിർമാണ വൈദഗ്ധ്യവും പഴയ കോട്ടകളുടെ കല്ലുകളും ഒരുമിച്ച് പറയുന്ന അപൂർവമായൊരു ചരിത്രശേഷിപ്പായിരുന്നു കാര്യങ്കോട് റെയിൽപാലം.
എന്നാൽ ഇപ്പോൾ ആ ആവശ്യങ്ങൾ യാഥാർഥ്യമാകുന്നതിന് മുമ്പേ പാലത്തിന്റെ ഇരുമ്പുഭാഗങ്ങൾ ഒന്നൊന്നായി അഴിച്ചുമാറ്റുകയാണ്. കാലം കൊത്തിവെച്ച കല്ലുകളിൽ ചരിത്രം എഴുതിയ പാലം, ഇനി പുഴയുടെ നടുവിലെ തൂണുകളായി മാത്രം അവശേഷിക്കും.
What's Your Reaction?