ചിറ്റാരിക്കാൽ റോഡിൽ കാട് പടർന്ന് അപകടഭീഷണിയിൽ
നീലേശ്വരം: കിഴക്കൻ മലയോര മേഖലയിലേക്കുള്ള പ്രധാന പാതയായ ചിറ്റാരിക്കാൽ റോഡിൽ കാട്ടുചെടികളും വള്ളികളും പടർന്ന് അപകടഭീഷണി ഉയരുന്നു. കരിന്തളം മുതൽ കോയിത്തട്ട വരെയുള്ള ഭാഗത്താണ് റോഡിലേക്ക് കാട് ചാഞ്ഞ് മാർജിൻ പോലും ഇല്ലാതായിരിക്കുന്നത്.
റോഡരികിൽ കാട് വളർന്നതോടെ വിദ്യാർഥികൾ ഉൾപ്പെടെയുള്ള കാൽനട യാത്രക്കാർ റോഡിലൂടെ തന്നെ നടക്കേണ്ട സ്ഥിതിയാണ്. റോഡിലേക്ക് പടർന്നുനിൽക്കുന്ന കാട്ടുചെടികളും വള്ളികളും ഡ്രൈവർമാരുടെ കാഴ്ച മറയ്ക്കുന്നതും അപകടസാധ്യത വർധിപ്പിക്കുന്നു.
അപകടസാധ്യത കണക്കിലെടുത്ത് കരിന്തളം ഉദയ പുരുഷ സഹായ സംഘത്തിന്റെ നേതൃത്വത്തിൽ ഇവിടെ അപകട മുന്നറിയിപ്പ് ബോർഡ് സ്ഥാപിച്ചിട്ടുണ്ട്. എന്നാൽ ഇത് ശാശ്വത പരിഹാരമല്ലെന്നാണ് നാട്ടുകാർ പറയുന്നത്.
റോഡിലേക്ക് പടർന്നുകിടക്കുന്ന കാടുകൾ വെട്ടി വൃത്തിയാക്കി യാത്ര സുഗമവും സുരക്ഷിതവുമാക്കാൻ പഞ്ചായത്ത് അധികൃതർ അടിയന്തരമായി നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
What's Your Reaction?