കലോത്സവത്തിന് ആവേശത്തുടക്കം; വിളംബര ഘോഷയാത്രയിൽ അണിനിരന്ന് നാട്
അമ്പലത്തറ: ജി.വി.എച്ച്.എസ്.എസ് അമ്പലത്തറയിൽ നടന്നുവരുന്ന ഹൊസ്ദുർഗ് ഉപജില്ലാ സ്കൂൾ കലോത്സവത്തിന്റെ ഭാഗമായി സംഘടിപ്പിച്ച വിളംബര ഘോഷയാത്രയും കലവറ നിറയ്ക്കലും നാടിന്റെ ആവേശമായി മാറി.
അമ്പലത്തറ ദേശത്തെ ജനങ്ങൾ ഒരേ മനസ്സോടെ അണിനിരന്നതോടെ ഘോഷയാത്ര ഹൃദ്യമായ ജനപങ്കാളിത്തത്തിന്റെ വേദിയായി. ആയിരങ്ങൾ പങ്കെടുത്ത വർണാഭമായ വിളംബര ഘോഷയാത്രയിൽ കുടുംബശ്രീയുടെ കരുത്തും കൂട്ടായ്മയും ശ്രദ്ധേയമായി. സ്ത്രീകളുടെ വലിയ പങ്കാളിത്തത്തോടെ നടന്ന ഘോഷയാത്ര അമ്പലത്തറയെ അക്ഷരാർഥത്തിൽ ഇളക്കിമറിച്ച് ഉത്സവപ്പറമ്പാക്കി മാറ്റി.
നാടിന്റെ കൂട്ടായ്മയും സൗഹൃദവും ഐക്യവും വിളിച്ചോതിയ ആഘോഷം കലോത്സവത്തിന് ആവേശകരമായ തുടക്കമായി.
പാറപ്പള്ളിയിൽ നടന്ന ചടങ്ങ് കോടോം-ബേളൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.വി. ജയചന്ദ്രൻ ഉദ്ഘാടനം ചെയ്തു. പുല്ലൂർ-പെരിയ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഡോ. സി.കെ. സബിത അധ്യക്ഷത വഹിച്ചു. പി.വി. രാജേഷ് സ്വാഗതം പറഞ്ഞു.
What's Your Reaction?