പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി ഉപദ്രവിച്ച കേസിൽ ഡോക്ടർക്ക് 47 വർഷം കഠിനതടവ്
കാഞ്ഞങ്ങാട്: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി ഉപദ്രവിച്ച കേസിൽ പ്രതിയായ ഡോക്ടർക്ക് 47 വർഷം കഠിനതടവും 1.25 ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. പിഴയടച്ചില്ലെങ്കിൽ ഒന്നര വർഷം അധിക തടവും അനുഭവിക്കണം.
കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലെ റിട്ട. ഡോക്ടർ പി. കൃഷ്ണനെയാണ് ഹൊസ്ദുർഗ് ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി ജഡ്ജി പി.എം. സുരേഷ് ശിക്ഷിച്ചത്.
2020 ജൂൺ 25നാണ് കേസിനാസ്പദമായ സംഭവം. ബേക്കൽ പോലീസ് സ്റ്റേഷൻ പരിധിയിൽ താമസിക്കുന്ന പതിനാറുകാരി ഡോക്ടറുടെ പെരിയയിലുള്ള ക്ലിനിക്കിൽ ചികിത്സയ്ക്കെത്തിയപ്പോഴായിരുന്നു പരിശോധനയ്ക്കിടെ ലൈംഗികാതിക്രമം നടന്നത്.
ബേക്കൽ പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടറായിരുന്ന പി. നാരായണനാണ് ആദ്യം കേസ് അന്വേഷിച്ചത്. തുടർ അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത് പിന്നീട് ചുമതലയേറ്റ ഇൻസ്പെക്ടർ നിസാമാണ്. പ്രോസിക്യൂഷനുവേണ്ടി എ. ഗംഗാധരൻ ഹാജരായി.
What's Your Reaction?