കാസർകോട്: 5.01 ഗ്രാം എംഡിഎംഎയുമായി കാറിൽ സഞ്ചരിച്ച രണ്ട് യുവാക്കൾ പിടിയിൽ
കാസർകോട്: സ്വിഫ്റ്റ് കാറിൽ കടത്താൻ ശ്രമിച്ച 5.01 ഗ്രാം എംഡിഎംഎയുമായി രണ്ട് യുവാക്കളെ എക്സൈസ് സംഘം പിടികൂടി. പട്ള സ്വദേശി മുഹമ്മദ് സുൽത്താൻ (23), ബൽപ്പത്തടുക്ക സ്വദേശി അബ്ദുള്ളക്കുഞ്ഞ് (20) എന്നിവരാണ് പിടിയിലായത്.
ഞായറാഴ്ച പുലർച്ചെ 2.30ഓടെ മധൂർ പട്ളയിൽ നടത്തിയ വാഹന പരിശോധനയിലാണ് എംഡിഎംഎ പിടികൂടിയത്. രഹസ്യവിവരത്തെ തുടർന്ന് കാസർകോട് എക്സൈസ് എൻഫോഴ്സ്മെന്റ് ആൻഡ് സ്പെഷ്യൽ സ്ക്വാഡ് സ്ഥലത്തെത്തുകയായിരുന്നു. സംശയത്തെ തുടർന്ന് കറുത്ത സ്വിഫ്റ്റ് കാർ തടഞ്ഞ് നടത്തിയ പരിശോധനയിൽ യുവാക്കളിൽ നിന്ന് മയക്കുമരുന്ന് കണ്ടെത്തി.
കാസർകോട് എക്സൈസ് സ്പെഷ്യൽ സ്ക്വാഡ് ഇൻസ്പെക്ടർ കെ.പി. ഗംഗാധരന്റെ നേതൃത്വത്തിലായിരുന്നു പരിശോധന.
പ്രിവന്റീവ് ഓഫീസർമാരായ കെ.വി. രഞ്ജിത്ത്, എം.എം. പ്രസാദ്, ഗ്രേഡ് പ്രിവന്റീവ് ഓഫീസർ വി. റീന, സിവിൽ എക്സൈസ് ഓഫീസർമാരായ പ്രശാന്ത് കുമാർ, നസറുദ്ദീൻ, ശൈലേഷ് കുമാർ, ഷാജിത്ത്, വിപിൻകുമാർ, സിവിൽ എക്സൈസ് ഓഫീസർ ഡ്രൈവർ ശ്രീജേഷ് എന്നിവരും സംഘത്തിലുണ്ടായിരുന്നു.
What's Your Reaction?