അവശതയിലും സത്യസന്ധത കൈവിടാതെ; സ്വർണം തിരികെ നൽകി കാരിച്ചിയമ്മ നാടിന്റെ അഭിമാനമായി
മടിക്കൈ: വാർദ്ധക്യവും ജീവിതപ്രയാസങ്ങളും നടുവിലും സത്യസന്ധത കൈവിടാതെ മാതൃകയായിരിക്കുകയാണ് എരിക്കുളം ലക്ഷംവീട് കോളനിയിൽ താമസിക്കുന്ന പി.പി. കാരിച്ചിയമ്മ. ആറുമാസം മുമ്പ്, കൂടെപ്പിറപ്പുകളെ കാണാൻ പോകുന്നതിനിടെ വഴിയിൽ നിന്ന് ലഭിച്ച സ്വർണമോതിരം യഥാർഥ ഉടമയെ കണ്ടെത്തി തിരികെ നൽകി കാരിച്ചിയമ്മ നാടിന്റെ ആദരവും പ്രശംസയും ഏറ്റുവാങ്ങി.
സ്വന്തം ജീവിതം ദുരിതങ്ങളാൽ നിറഞ്ഞതാണെങ്കിലും മറ്റൊരാളുടെ സ്വത്ത് സ്വന്തമാക്കാൻ കാരിച്ചിയമ്മയുടെ മനസ്സ് അനുവദിച്ചില്ല. നഷ്ടപ്പെട്ട സ്വർണത്തിന്റെ ഉടമയെ കണ്ടെത്തി യാതൊരു മടിയും കൂടാതെ അത് കൈമാറുകയായിരുന്നു.
നിർധന കുടുംബാംഗമായ രോഗിയായ കസ്തൂരിയുടെ സ്വർണമോതിരമാണ് നഷ്ടമായിരുന്നത്. ഏറെ തിരച്ചിലിനൊടുവിൽ പ്രതീക്ഷ നഷ്ടപ്പെട്ട കുടുംബത്തിന് കാരിച്ചിയമ്മയുടെ സത്യസന്ധത വലിയ ആശ്വാസമായി.
ജീവിതത്തിന്റെ ഏറിയ പങ്കും ലക്ഷംവീട് കോളനിയിലാണ് കാരിച്ചിയമ്മ കഴിഞ്ഞത്. ഇതുവരെ ഭൂമിയുടെ പട്ടയം ലഭിച്ചിട്ടില്ല. ലൈഫ് മിഷൻ പദ്ധതിയിൽ വീട് അനുവദിക്കപ്പെട്ടെങ്കിലും സ്വന്തമായി സ്ഥലമില്ലാത്തതിനാൽ ആ ആനുകൂല്യവും ലഭ്യമാക്കാൻ കഴിഞ്ഞിട്ടില്ല. എന്നിരുന്നാലും ജീവിതപ്രതിസന്ധികൾക്കിടയിലും സത്യസന്ധതയും മാനുഷിക മൂല്യങ്ങളും ഉയർത്തിപ്പിടിച്ച കാരിച്ചിയമ്മയുടെ പ്രവർത്തി സമൂഹത്തിന് മാതൃകയായി മാറിയിരിക്കുകയാണ്.
What's Your Reaction?