എമിറേറ്റ്സിന്നു പിന്നാലെ ഫ്ലൈ ദുബൈയും പവർ ബേങ്ക് നിരോധിച്ചു.
ദുബൈ: എമിറേറ്റ്സ് എയർവെയ്സിനു പിന്നാലെ വിമാനത്തിനുള്ളിൽ പവർ ബേങ്കുകൾ ഉപയോഗിക്കുന്നത് സംബന്ധമായി ഫ്ലൈ ദുബൈയും പുതിയ മാർഗ്ഗരേഖ പുറത്തിറക്കി. സുരക്ഷാകാരണങ്ങളുടെ ഭാഗമായി ഒക്ടോബർ ഒന്നു മുതൽ യാത്ര ചെയ്യുന്നവർക്ക് പുതിയ നിയമങ്ങൾ ബാധകമാക്കിയിട്ടുണ്ട്. ഓരോ യാത്രക്കാരനും ഒരു പവർ ബേങ്ക് മാത്രം കൈവശം വെക്കാൻ അനുവാദം ഉണ്ട്. അത് ഹാൻഡ് ബാഗേജിൽ ആയിരിക്കണം. പവർ ബേങ്കിന്റെ വാട്ട് അവർ റേറ്റിംഗ് നൂറിൽ താഴെയായിരിക്കണം. ഇത് ഉപകരണത്തിൽ വ്യക്തമായി രേഖപ്പെടുത്തിയിരിക്കണം. ഇതിൽ കൂടുതൽ ഉള്ള ഉപകരണങ്ങൾ വിമാനത്തിൽ കൊണ്ടുപോകുന്നത് കർശനമായി നിരോധിച്ചിട്ടുണ്ട്. യാത്രയ്ക്കിടെ ഉപകരണങ്ങളോ, പവർ ബേങ്കോ വിമാനത്തിന്റെ പവർ സോക്കറ്റുകൾ വഴി ചാർജ് ചെയ്യുന്നത് ഉൾപ്പെടെയുള്ള ഉപയോഗങ്ങൾ കർശനമായി നിരോധിച്ചിട്ടുണ്ട്. അവ സീറ്റിനടിയിലോ, യാത്രക്കാരന്റെ മുന്നിലുള്ള സീറ്റ് പോക്കറ്റിലോ വെക്കണം. ഓവർ ഹെഡ് ലോക്കറുകളിൽ വെക്കാൻ പാടില്ലെന്നും ഫ്ലൈ ദുബായ് വ്യക്തമാക്കി. പവർ ബേങ്കുകൾ സ്വിച്ച് ഓഫ് ചെയ്യുകയും, ഷോർട്ട് സർക്യൂട്ടുകളിൽ നിന്നോ ആകസ്മികമായി ഓൺ ആകുന്നതിൽ നിന്നോ സംരക്ഷിക്കപ്പെടുകയും വേണം. അവയുടെ യഥാർത്ഥ പാക്കേജിങ്ങിലോ ഒരു സുരക്ഷിത കവറിലോ സൂക്ഷിക്കാനാണ് ഫ്ലൈ ദുബായ് ശുപാർശ ചെയ്യുന്നത്. ലാപ്ടോപ്പുകൾ, മൊബൈൽ ഫോണുകൾ, ഈ സിഗരറ്റുകൾ, റീചാർജ് ചെയ്യാവുന്ന ബാറ്ററികൾ, ഡിജിറ്റൽ ക്യാമറകൾ, മറ്റ് ലിഥിയം പവേർഡ് ഉപകരണങ്ങൾ എന്നിവയ്ക്കും ബാറ്ററി ഗതാഗത നിയമങ്ങൾ ബാധകമാണെന്നും എയർലൈൻ വ്യക്തമാക്കി.
What's Your Reaction?