കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ ഫോറൻസിക് സർജൻ തസ്തിക സൃഷ്ടിക്കും; നടപടി വേഗത്തിലാക്കുമെന്ന് ആരോഗ്യമന്ത്രി
കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് ജില്ലാ ആശുപത്രി ഫോറൻസിക് സർജൻ്റെ തസ്തിക സൃഷ്ടിക്കേണ്ടത് അനിവാര്യമാണെന്ന് ആരോഗ്യമന്ത്രി നിയമസഭയിൽ അറിയിച്ചു. കാഞ്ഞങ്ങാട് എം.എൽ.എ അഡ്വ. ഗോവിന്ദൻ പള്ളിക്കാപ്പിൽ അവതരിപ്പിച്ച സബ്മിഷന് മറുപടിയാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.
കാസർകോട്, കാഞ്ഞങ്ങാട്, വെള്ളരിക്കുണ്ട് താലൂക്കുകളിലെ ജനങ്ങൾ പ്രധാനമായും ആശ്രയിക്കുന്ന ആശുപത്രിയാണ് കാഞ്ഞങ്ങാട് ജില്ലാ ആശുപത്രി. ദുരൂഹമരണങ്ങളും ഇൻക്വസ്റ്റിൽ മരണകാരണം സംബന്ധിച്ച് സംശയം രേഖപ്പെടുത്തുന്ന കേസുകളും കണ്ടെത്തിയ സ്ഥലങ്ങളിൽ ഫോറൻസിക് സർജൻ ഇല്ലാത്തതിനാൽ മൃതദേഹങ്ങൾ പരിയാരം മെഡിക്കൽ കോളേജിലേക്കോ കാസർകോട് ജനറൽ ആശുപത്രിയിലേക്കോ മാറ്റേണ്ടി വരുന്നതായി മന്ത്രി ചൂണ്ടിക്കാട്ടി. ഇത് കുടുംബങ്ങൾക്ക് അധിക സാമ്പത്തിക ബാധ്യതയും കാലതാമസവും സൃഷ്ടിക്കുന്ന സാഹചര്യമാണെന്നും വ്യക്തമാക്കി.
2024-ൽ 135, 2025-ൽ 145, 2026-ൽ ഇതുവരെ 67 പോസ്റ്റ്മോർട്ടങ്ങളാണ് കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ നടന്നത്. നിലവിൽ മരണകാരണം സംബന്ധിച്ച് സംശയമില്ലാത്ത കേസുകളിലെ മൃതദേഹങ്ങൾ മാത്രമാണ് ഇവിടെ പോസ്റ്റ്മോർട്ടം ചെയ്യുന്നത്.
ഫോറൻസിക് സർജൻ തസ്തിക സൃഷ്ടിക്കാൻ ആവശ്യപ്പെടുന്ന പ്രൊപ്പോസൽ ജില്ലാ മെഡിക്കൽ ഓഫീസർ മുഖേന സമർപ്പിച്ചിരുന്നുവെന്നും പുതുക്കിയ പ്രൊപ്പോസൽ 29-ന് ആരോഗ്യവകുപ്പ് ഡയറക്ടറുടെ കാര്യാലയത്തിൽ ലഭിച്ചതായും മന്ത്രി അറിയിച്ചു. സർക്കാർ തലത്തിൽ പ്രൊപ്പോസൽ ലഭിക്കുന്ന മുറയ്ക്ക് തുടർനടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, കാസർകോട് ജനറൽ ആശുപത്രിയിൽ ഒരു ജൂനിയർ കോൺസൾട്ടൻ്റ് ഫോറൻസിക് സർജനും ഒരു സീനിയർ കൺസൾട്ടൻ്റ് ഫോറൻസിക് സർജനും രണ്ട് തസ്തികകളാണുള്ളത്. ഇതിൽ ജൂനിയർ കൺസൾട്ടൻ്റ് തസ്തികയിൽ ഡോക്ടർ സേവനമനുഷ്ഠിക്കുന്നുണ്ടെങ്കിലും സീനിയർ കൺസൾട്ടൻ്റ് തസ്തിക നിലവിൽ ഒഴിവാണ്. ഒഴിവ് നികത്തുന്നതിനുള്ള നടപടികൾ പുരോഗമിക്കുന്നതായി മന്ത്രി അറിയിച്ചു.
ജനറൽ ആശുപത്രിയിൽ 24 മണിക്കൂറും പോസ്റ്റ്മോർട്ടം സേവനം ലഭ്യമാണെന്നും നിലവിലുള്ള മാനദണ്ഡങ്ങൾ അനുസരിച്ച് മറ്റ് ആശുപത്രി ഘട്ടങ്ങളായി ഫോറൻസിക് സർജൻ തസ്തികകൾ സൃഷ്ടിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുമെന്നും ആരോഗ്യമന്ത്രി നിയമസഭയെ അറിയിച്ചു.
What's Your Reaction?