കാഞ്ഞങ്ങാട് നഗരത്തിൽ 15 പുതിയ മാലിന്യ സംഭരണികൾ സ്ഥാപിച്ചു
കാഞ്ഞങ്ങാട്: നഗരസഭ പരിധിയിലെ മാലിന്യ പ്രശ്നങ്ങൾക്ക് ദീർഘകാല പരിഹാരം ലക്ഷ്യമിട്ട് നഗരത്തിന്റെ വിവിധ പ്രധാന കേന്ദ്രങ്ങളിൽ 15 പുതിയ മാലിന്യ സംഭരണികൾ സ്ഥാപിച്ചു. പൊതുജനങ്ങൾക്ക് മാലിന്യങ്ങൾ ശാസ്ത്രീയമായി തരംതിരിച്ച് നിക്ഷേപിക്കാനുള്ള സൗകര്യം ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് പദ്ധതി നടപ്പാക്കിയത്.
ജൈവമാലിന്യങ്ങളും അജൈവമാലിന്യങ്ങളും പ്രത്യേകം ശേഖരിക്കാനാവുന്ന രീതിയിൽ രണ്ട് അറകളോടുകൂടിയ സംവിധാനമാണ് ഓരോ സംഭരണിയിലും ഒരുക്കിയിരിക്കുന്നത്. ലോഹം ഉപയോഗിച്ച് നിർമ്മിച്ച ആകെ 35 മാലിന്യ സംഭരണികളാണ് നഗരത്തിൽ സ്ഥാപിക്കാൻ നഗരസഭ പദ്ധതിയിടുന്നത്. ഇതിന്റെ ആദ്യഘട്ടമായാണ് 15 എണ്ണം നിലവിൽ വിവിധ കേന്ദ്രങ്ങളിൽ സ്ഥാപിച്ചത്.
ശേഷിക്കുന്ന സംഭരണികൾ വരും ദിവസങ്ങളിൽ നഗരത്തിന്റെ വിവിധ ഭാഗങ്ങളിലായി സ്ഥാപിക്കുമെന്ന് ബന്ധപ്പെട്ട അധികൃതർ അറിയിച്ചു.
പരിസ്ഥിതി സംരക്ഷണത്തിന് നഗരസഭ എപ്പോഴും മുൻഗണന നൽകുന്നുണ്ടെന്നും, വരും തലമുറയ്ക്കായി പ്രകൃതിയെ സംരക്ഷിക്കാൻ സമൂഹം ഒരുമിച്ച് പ്രവർത്തിക്കേണ്ടത് അനിവാര്യമാണെന്നും നഗരസഭാ അധ്യക്ഷൻ വി.വി. രമേശൻ പറഞ്ഞു.
What's Your Reaction?