കൊന്നക്കാട്ടെ ഓട്ടോറിക്ഷ അപകടം: ചികിത്സയിലിരുന്ന ഒരാൾ കൂടി മരിച്ചു; മരണം രണ്ടായി
കൊന്നക്കാട്: കൊന്നക്കാട് കൂളിമട വിഷ്ണുമൂർത്തി ക്ഷേത്രത്തിന് സമീപം ഓട്ടോറിക്ഷ മറിഞ്ഞുണ്ടായ അപകടത്തിൽ ചികിത്സയിലിരുന്ന ഒരാൾ കൂടി മരിച്ചു. ഇതോടെ അപകടത്തിൽ മരിച്ചവരുടെ എണ്ണം രണ്ടായി.
കൊന്നക്കാട് പാമത്തട്ടിലെ തണ്ണിപ്പാറ ഗോപാലകൃഷ്ണൻ (65) ആണ് ചികിത്സയിലിരിക്കെ വെള്ളിയാഴ്ച വൈകിട്ടോടെ മരിച്ചത്. കഴിഞ്ഞ 12ന് വൈകിട്ടാണ് അപകടം നടന്നത്. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ചെരുമ്പക്കോട്ടെ വിഷ്ണു (27) കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ബുധനാഴ്ച മരിച്ചിരുന്നു.
അപകടത്തിൽ വിഷ്ണുവിന്റെ ഭാര്യ ദിവ്യ (24), നാലുമാസം പ്രായമുള്ള കുഞ്ഞ്, ഓട്ടോറിക്ഷ ഡ്രൈവർ പറമ്പയിലെ പുളിക്കൽ നിധിൻ (35) എന്നിവർക്കും പരിക്കേറ്റിരുന്നു. ഗുരുതരമായി പരിക്കേറ്റ നിധിനും ഗോപാലകൃഷ്ണനും മംഗളൂരുവിൽ ചികിത്സയിലായിരുന്നുവെങ്കിലും പിന്നീട് ഗോപാലകൃഷ്ണനെ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. അവിടെയായിരുന്നു അന്ത്യം.
കൊന്നക്കാടേക്ക് പോകുന്നതിനിടെ കൂളിമടയിലെ കുത്തനെയുള്ള ഇറക്കത്തിൽ ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് മറിയുകയായിരുന്നു അപകടകാരണം.
സംസ്കാരം ഇന്ന് വൈകിട്ട് 3 മണിക്ക് വീട്ടുവളപ്പിൽ നടക്കും. ഭാര്യ: മായ. മക്കൾ: മഞ്ജുഷ (കാഞ്ഞങ്ങാട് സൗത്ത്), മനീഷ (ചെരുമ്പക്കോട്), മിൽഷ (ഡിഗ്രി വിദ്യാർഥിനി, നെഹ്റു കോളേജ്, പടന്നക്കാട്). മരുമക്കൾ: സുരേഷ് (കാഞ്ഞങ്ങാട് സൗത്ത്), രാജേഷ് (വെൽഡർ, കൊന്നക്കാട്).
What's Your Reaction?