കർണാടകയിൽ കടകൾ കുത്തിത്തുറന്ന് വ്യാപക കവർച്ച; പ്രതിയെ തേടി കേരളത്തിലും അന്വേഷണം
കാസർകോട്: കർണാടകയിലെ ബെൽത്തങ്ങാടി, ഉപ്പിലങ്ങാടി പോലീസ് സ്റ്റേഷൻ പരിധികളിൽ പത്തിലധികം വ്യാപാര സ്ഥാപനങ്ങളിലും ഓഫീസുകളിലും കവർച്ച നടത്തിയതായി കണ്ടെത്തിയ പ്രതിയെ കണ്ടെത്താൻ പോലീസ് അന്വേഷണം ശക്തമാക്കി. കണ്ണൂർ തളിപ്പറമ്പ് സ്വദേശിയായ തങ്കച്ചൻ എന്ന മാത്യു അഥവാ ബഷീർ (50)നെതിരെയാണ് അന്വേഷണം പുരോഗമിക്കുന്നത്.
രണ്ടു ദിവസങ്ങളിലായി നിരവധി കടകൾ കുത്തിത്തുറന്ന് പണവും വിലപിടിപ്പുള്ള വസ്തുക്കളും കവർന്ന സംഭവത്തിലാണ് ഇയാൾ പ്രധാന പ്രതിയെന്ന് പോലീസ് കണ്ടെത്തിയത്. പ്രതിയെ പിടികൂടുന്നതിനായി കർണാടക പോലീസ് കേരള പോലീസിന്റെ സഹായവും തേടിയിട്ടുണ്ട്.
കോർട്ട് റോഡിലെ സമൃദ്ധി എന്റർപ്രൈസസിൽ നിന്ന് ഏകദേശം ഒന്നരലക്ഷം രൂപ മോഷണം പോയതായി പരാതിയുണ്ട്. സ്ഥാപനത്തിലെ സിസിടിവി ക്യാമറകൾ തിരിച്ചു വെച്ച ശേഷമാണ് കവർച്ച നടത്തിയതെന്നാണ് അന്വേഷണത്തിൽ വ്യക്തമായത്. സമീപത്തെ മറ്റ് കടകളിൽ നിന്നും പണം നഷ്ടമായതായും റിപ്പോർട്ടുണ്ട്.
പോലീസ് അന്വേഷണത്തിലാണ് തങ്കച്ചനാണ് കവർച്ചകൾക്ക് പിന്നിലെന്ന സൂചന ലഭിച്ചത്. ഇയാൾക്കെതിരെ പുത്തൂർ പോലീസ് സ്റ്റേഷനിൽ അറസ്റ്റ് വാറണ്ട് നിലവിലുണ്ടെന്നും പോലീസ് അറിയിച്ചു.
പ്രതിയെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ അടുത്തുള്ള പോലീസ് സ്റ്റേഷനിൽ അറിയിക്കണമെന്ന് അധികൃതർ അഭ്യർഥിച്ചു.
What's Your Reaction?