നീലേശ്വരം ആകാശപാത; വേറിട്ട പ്രതിഷേധവുമായി സമരസമിതി

Jun 6, 2026 - 09:17
 0
നീലേശ്വരം ആകാശപാത; വേറിട്ട പ്രതിഷേധവുമായി സമരസമിതി

നീലേശ്വരം: നഗരത്തിന്റെ സമഗ്ര വികസനത്തിനും രൂക്ഷമായ ഗതാഗതക്കുരുക്കിന് ശാശ്വത പരിഹാരമെന്ന നിലയിൽ ‘ആകാശപാത’ നിർമിക്കണമെന്ന ആവശ്യവുമായി തുടരുന്ന ജനകീയ സമരം 75-ാം ദിവസത്തിൽ ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് വേറിട്ട പ്രതിഷേധ പരിപാടി സംഘടിപ്പിച്ചു.

പ്രകൃതി സംരക്ഷണ സന്ദേശവും വികസന ആവശ്യമുമൊന്നിപ്പിച്ചുകൊണ്ട് സമരപ്പന്തലിൽ നടന്ന പ്രതിഷേധത്തിന്റെ ഭാഗമായി, സമരത്തിന്റെ 75-ാം ദിവസത്തെ പ്രതീകമായി വിത്തുകൾ നിറച്ച 75 ബലൂണുകൾ ആകാശത്തേക്ക് പറത്തി. ഇതിലൂടെ തങ്ങളുടെ ആവശ്യം അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തുകയാണെന്ന് ജനകീയ സമരസമിതി അറിയിച്ചു.

മലയാള കലാകാരന്മാരുടെ ദേശീയ സംഘടനയായ നന്മയുടെ സംസ്ഥാന വൈസ് പ്രസിഡന്റായ കെ. എൻ. കീപ്പേരി പ്രതിഷേധ പരിപാടി ഉദ്ഘാടനം ചെയ്തു. നീലേശ്വരത്തിന്റെ ഹൃദയഭാഗത്തെ ഗതാഗതക്കുരുക്ക് പരിഹരിക്കാൻ ആകാശപാത അനിവാര്യമാണെന്നും ജനങ്ങളുടെ ന്യായമായ ആവശ്യത്തോട് അധികൃതർ കാണിക്കുന്ന അവഗണന അവസാനിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പ്രകൃതിയെ സംരക്ഷിച്ചുകൊണ്ട് തന്നെ നാടിന്റെ വികസനവും ഉറപ്പാക്കേണ്ടത് ഭാവി തലമുറയോടുള്ള ഉത്തരവാദിത്വമാണെന്നും അദ്ദേഹം പറഞ്ഞു.

ജനകീയ സമര സമിതി ചെയർമാനായ ശ്രീനാഥ് ശശി സമരത്തിന്റെ പശ്ചാത്തലം വിശദീകരിച്ചു. പ്രകൃതിയെയും മണ്ണിനെയും സംരക്ഷിച്ചുകൊണ്ട് വികസനം സാധ്യമാണെന്ന സന്ദേശമാണ് പരിസ്ഥിതി ദിനത്തിലെ പ്രതിഷേധം നൽകുന്നതെന്ന് അദ്ദേഹം പറഞ്ഞു. കൂടുതൽ ജനങ്ങളിലേക്ക് ആകാശപാതയുടെ ആവശ്യകത എത്തിക്കാനാണ് വിത്ത് ബലൂണുകൾ പറത്തിയതെന്നും പദ്ധതി യാഥാർഥ്യമാകുന്നത് വരെ സമരം തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.

ഡോ. സുരേന്ദ്രനാഥ് അധ്യക്ഷനായ ചടങ്ങിൽ രക്ഷാധികാരി രാജു രാമൂട്ടി മുഖ്യപ്രഭാഷണം നടത്തി. ജനറൽ കൺവീനറായ ഡി. രാജൻ സ്വാഗതം ആശംസിച്ചു. ചടങ്ങിൽ ജിഷ വിജയൻ, കെ.എൻ. ഗോപാലകൃഷ്ണൻ, ശ്രീധരൻ നമ്പ്യാർ, സി.എം. രാജു, രാമരം സലാം ഹാജി, വിജയൻ മാഷ്, മഹമ്മൂദ് കോട്ടായി, ഡോ. അനു മനോജ് എന്നിവർ സംസാരിച്ചു. പത്മരാജൻ ഐങ്ങോത്ത് നന്ദി രേഖപ്പെടുത്തി.

What's Your Reaction?

like

dislike

love

funny

angry

sad

wow