നീലേശ്വരം കോൺവെന്റ് ജംഗ്ഷനിൽ അപകടഭീഷണി; അടിയന്തര പരിഹാരം വേണമെന്ന് നാട്ടുകാർ

May 17, 2026 - 07:27
 0
നീലേശ്വരം കോൺവെന്റ് ജംഗ്ഷനിൽ അപകടഭീഷണി; അടിയന്തര പരിഹാരം വേണമെന്ന് നാട്ടുകാർ

നീലേശ്വരം: നീലേശ്വരം-എടത്തോട് റോഡിലെ കോൺവെന്റ് ജംഗ്ഷൻ ദിനംപ്രതി അപകടഭീഷണി നിറഞ്ഞ മേഖലയായി മാറുകയാണെന്ന് പേരോൽ വികസനസമിതി മുന്നറിയിപ്പ് നൽകി. കുത്തനെ ഉയരുന്ന വാഹനഗതാഗതവും നിയന്ത്രണമില്ലാത്ത റോഡ് മുറിച്ചുകടക്കലും കാരണം പ്രദേശത്ത് ഗുരുതര അപകടസാധ്യത വർധിച്ചുവരുന്നതായാണ് സമിതി യോഗം വിലയിരുത്തിയത്.

സ്കൂൾ വിദ്യാർത്ഥികൾ, വയോധികർ, കാൽനടയാത്രക്കാർ, ഇരുചക്ര വാഹനയാത്രക്കാർ എന്നിവരാണ് ഇവിടെ ഏറ്റവും കൂടുതൽ അപകടഭീഷണി നേരിടുന്നതെന്ന് യോഗം ചൂണ്ടിക്കാട്ടി. പ്രത്യേകിച്ച് തിരക്കേറിയ സമയങ്ങളിൽ ജംഗ്ഷൻ കടക്കുന്നത് ഏറെ ദുഷ്കരമായി മാറുന്നുവെന്നും നാട്ടുകാർ ആശങ്ക പങ്കുവെച്ചു.

കോൺവെന്റ് ജംഗ്ഷനിൽ ഇതിനകം ഭൂമി ഏറ്റെടുത്ത ഭാഗത്ത് റോഡിന് കൂടുതൽ വീതി ലഭ്യമായ സ്ഥലങ്ങളിൽ വെള്ളക്കെട്ട് ഒഴിവാക്കി താൽക്കാലിക റോഡ് നിർമിച്ച് ഗതാഗതയോഗ്യമാക്കുകയാണെങ്കിൽ അപകടസാധ്യത ഗണ്യമായി കുറയ്ക്കാനാകുമെന്ന് യോഗം നിർദേശിച്ചു. പൊതുജനങ്ങളുടെ സുരക്ഷ മുൻനിർത്തി ബന്ധപ്പെട്ട വകുപ്പുകൾ അടിയന്തരമായി ഇടപെട്ട് സ്ഥിരപരിഹാരം ഉറപ്പാക്കണമെന്നും സമിതി ആവശ്യപ്പെട്ടു.

വികസനസമിതി അധ്യക്ഷൻ കെ.പി. രവീന്ദ്രന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സെക്രട്ടറി ടോമി ടോമി ആറ്റുപുറം സ്വാഗതം പറഞ്ഞു. നഗരസഭ ആരോഗ്യകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സുരേന്ദ്രൻ കെ.വി., കൗൺസിലർ കെ.പി. സതീശൻ, സെന്റ് പീറ്റേഴ്സ് ചർച്ച് ഫാദർ ലോറൻസ്, ടി.ജി. ഗംഗാധരൻ, കോറോത്ത് വിജയകുമാർ, പൊങ്കാല വിജയൻ, അഡ്വ. സോമരാജൻ, പി.പി. മോഹനൻ, കെ.വി. കൃഷ്ണൻ, പി. മോഹനൻ, കെ.ജെ. ജോയ് എന്നിവർ സംസാരിച്ചു.

What's Your Reaction?

like

dislike

love

funny

angry

sad

wow