മടിയൻ കൂലോം ക്ഷേത്രത്തിൽ മെയ് 22, 23 തീയ്യതികളിൽ കലശം
കാഞ്ഞങ്ങാട്: ഉത്തര മലബാറിലെ ആരാധനാലയങ്ങളിൽ പ്രസിദ്ധമായ ശ്രീ മടിയൻ കൂലോം ക്ഷേത്രപാലക ക്ഷേത്രത്തിൽ കലശം കുറിച്ചു. അകത്തെ കലശ ചടങ്ങുകൾ മെയ് 22-നും, പുറത്തെ കലശ ചടങ്ങുകൾ 23-നുമാണ് നടക്കുക. കലശോൽസവത്തിന്റെ ഭാഗമായുള്ള ഓലകൊത്തൽ ചടങ്ങ് മെയ് 19-ന് രാവിലെ 7. 50 മുതൽ, 8.40 വരെ അടോട്ട് മുത്തേടത്ത് കുതിര്, കിഴക്കുംകര എളേടത്ത് കുതിര്, എന്നിവിടങ്ങളിൽ ആചാര വിധിപ്രകാരം നടക്കും. ക്ഷേത്രത്തിൽ ഇന്ന് ജന്മ കണിശൻ വിനോദ് കപ്പണക്കാലിന്റെ നേതൃത്വത്തിൽ നടന്ന പ്രശ്ന ചിന്തയുടെ അടിസ്ഥാനത്തിലാണ് ചടങ്ങുകൾ നിശ്ചയിച്ചത്.
ചടങ്ങിൽ മൂലച്ചേരി നായരച്ചൻ, ട്രസ്റ്റ് ബോർഡ് ചെയർമാൻ വി എം ജയദേവൻ, ട്രസ്റ്റി ബോർഡ് അംഗം എൻ വി ബേബിരാജ്, കുമ്മനാർ കളരി മൂത്ത ഗുരുക്കൾ, മടിയൻ കർണ്ണമൂർത്തി, മടിയൻ ചിങ്കം, മടിയൻ പുല്ലൂരാൻ, പാറക്കാടൻ, പടിഞ്ഞാറ്റൻ, ആലന്തട്ട ആശാരി, കലശം എഴുന്നള്ളിക്കുന്ന കളരികളില്ലള്ളവർ, ആചാരസ്ഥാനികർ, ക്ഷേത്ര ജീവനക്കാർ, ഭക്തജനങ്ങൾ എന്നിവർ സംബന്ധിച്ചു. പൗരാണിക ആചാരങ്ങളും വിശ്വാസവും ഒത്തുചേരുന്ന ഈ മഹോത്സവത്തിൽ മെയ് 22ന് അകത്തെ കലർ നാളിൽ രാത്രി പെരളം വയലിൽ കലശം, മുത്തേടത്ത് കുതിര് കലശം, കിഴക്കുംകര എളേടത്ത് കുതിര് കലശം എന്നീ മൂന്നു കലശങ്ങളും, മണാളൻ, മണാട്ടി, മാഞ്ഞാളമ്മ എന്നീ മൂന്ന് തെയ്യങ്ങളും അരങ്ങിൽ എത്തും.
മെയ് 23 പുറത്തെ കലശനാളിൽ വൈകിട്ട് പെരളം വയലിൽ, അടോട്ട് മുത്തേടത്ത് കുതിര് എന്നിവിടങ്ങളിലെ ഓരോ കലശവും, കിഴക്കുംകര എളേടത്ത് കുതിര്, മടിക്കൈ പെരിയാങ്കോട്ട് ഭഗവതി ക്ഷേത്ര കളരിയിലെ രണ്ട് കലശങ്ങളും അടക്കം 6 കലശങ്ങൾ ഭക്തജന ആരവത്തിന്റെ അകമ്പടിയോടെ ക്ഷേത്രത്തെ വലം വെക്കുന്നതോടൊപ്പം, ക്ഷേത്രപാലകൻ, കാളരാത്രി, നടയിൽ ഭഗവതി എന്നീ തെയ്യങ്ങളും അരങ്ങിലെത്തും. ഒപ്പം മാണിക്കോത്ത് മാണിക്യമംഗലം പുന്നക്കാൽ ഭഗവതി ക്ഷേത്രത്തിൽ നിന്നുള്ള മീൻകോവ സമർപ്പണവും നടക്കും.
What's Your Reaction?