മയക്കുമരുന്ന് കടത്തിയ കേസിൽ ഉത്തർപ്രദേശ് സ്വദേശിക്ക് 23 വർഷം കഠിനതടവ് വിധിച്ച് കോടതി
2024 സെപ്റ്റംബർ ഒന്നിനാണ് കണ്ണൂർ എക്സൈസ് സംഘം താളിക്കാവ് ഭാഗത്ത് വെച്ച് പ്രതിയെ പിടികൂടുന്നത്. രണ്ട് കിലോ കഞ്ചാവ്, 95 ഗ്രാം മെത്താംഫിറ്റമിൻ, 333 മില്ലിഗ്രാം എൽഎസ്ഡി സ്റ്റാമ്പ് എന്നിവ ഇയാളിൽ നിന്ന് കണ്ടെടുത്തിരുന്നു.
കണ്ണൂർ: വൻതോതിൽ മയക്കുമരുന്ന് കടത്തിയ കേസിൽ ഉത്തർപ്രദേശ് സ്വദേശിക്ക് 23 വർഷം കഠിനതടവ് വിധിച്ച് കോടതി. യു.പി സ്വദേശിയായ ദീപു സഹാനി (24)യെയാണ് കണ്ണൂർ എൻഡിപിഎസ് കോടതി ശിക്ഷിച്ചത്. ലഹരിമരുന്ന് കടത്തുകാരൻ എന്ന നിലയിൽ ഇയാൾക്ക് കോടതി കടുത്ത ശിക്ഷയാണ് നൽകിയിരിക്കുന്നത്. 2024 സെപ്റ്റംബർ ഒന്നിനാണ് കണ്ണൂർ എക്സൈസ് സംഘം താളിക്കാവ് ഭാഗത്ത് വെച്ച് പ്രതിയെ പിടികൂടുന്നത്. രണ്ട് കിലോ കഞ്ചാവ്, 95 ഗ്രാം മെത്താംഫിറ്റമിൻ, 333 മില്ലിഗ്രാം എൽഎസ്ഡി സ്റ്റാമ്പ് എന്നിവ ഇയാളിൽ നിന്ന് കണ്ടെടുത്തിരുന്നു. കണ്ണൂർ ടൗണും പരിസരപ്രദേശങ്ങളും കേന്ദ്രീകരിച്ച് ലഹരിമരുന്ന് വിതരണം ചെയ്യുന്ന സംഘത്തിലെ പ്രധാനിയായിരുന്നു ദീപു. നേരത്തെയും ലഹരി കേസുകളിൽ ശിക്ഷിക്കപ്പെട്ട ഇയാൾ ജയിൽവാസം കഴിഞ്ഞ് വെറും ഒരു മാസത്തിനുള്ളിലാണ് വീണ്ടും വൻ ശേഖരവുമായി പിടിയിലായത്. കണ്ണൂർ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ പി പി ജനാർദ്ദനന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിച്ചത്. സിവിൽ എക്സൈസ് ഓഫീസർ ഗണേഷ് ബാബു പി വി ക്ക് ലഭിച്ച രഹസ്യ വിവരമാണ് പ്രതിയെ വലയിലാക്കാൻ സഹായിച്ചത്.
What's Your Reaction?