പച്ച തുരുത്തുകളുടെ കരുതലിൽ മടിക്കൈ
മടിക്കൈ: ചെങ്കൽ പാറകൾ നിറഞ്ഞ മടിക്കൈ പ്രദേശം കാലാവസ്ഥാ വ്യതിയാനത്തിന്റെ ദുരന്ത ഭീഷണി നേരിടുന്ന സാഹചര്യത്തിൽ ഹരിത സംരക്ഷണ പ്രവർത്തനങ്ങൾക്ക് മാതൃകയാവുകയാണ് പഞ്ചായത്തിലെ പച്ചത്തുരുത്തുകൾ. കടുത്ത വേനലിലെ ഉയർന്ന താപനില ലഘൂകരിക്കാൻ ആഗോളതാപനത്തിന് "മരമാണ് മറുപടി"എന്ന ഹരിത കേരളം സന്ദേശം ഏറ്റെടുത്തു 2018 മുതൽ മടിക്കൈയിൽ പച്ചത്തുരുത്ത് പ്രവർത്തനങ്ങൾ വ്യാപകമായി നടപ്പിലാക്കി.
വിദ്യാലയങ്ങളിൽ ലഭ്യമായ സ്ഥലങ്ങളിൽ വൃക്ഷത്തൈകൾ നട്ടുപിടിപ്പിച്ചും നിലവിലുള്ള മരങ്ങൾ സംരക്ഷിച്ചും ആദ്യപച്ചതുരുത്തുകൾക്ക് രൂപം നൽകി. പഞ്ചായത്തിലെ നാശോൽമുഖമായിരുന്ന നൂറിലധികം കാവുകൾ വേലികെട്ടി സംരക്ഷിക്കുകയും പുതിയ തൈകൾ നട്ട് തൊഴിലുറപ്പ് പദ്ധതിയിലൂടെ പരിപാലനം ഉറപ്പാക്കുകയും ചെയ്തു. പഞ്ചായത്ത് ഭരണസമിതിയിൽ പച്ചത്തുരുത്ത് സംരക്ഷണം മുഖ്യ അജണ്ടയായി പരിഗണിച്ച് ഓരോ വാർഡിലുമായി കാവ് സംരക്ഷണ സമിതികൾ രൂപീകരിക്കാൻ തീരുമാനമെടുത്തു.
ഹരിത കേരളം മിഷന്റെ നിർദ്ദേശപ്രകാരം പച്ചത്തുരുത്തുകളിൽ ബോർഡുകൾ സ്ഥാപിച്ചു. തൊഴിലുറപ്പ് പദ്ധതിയുടെ വാർഷിക ഇടപെടലിലൂടെ കള സസ്യങ്ങൾ നീക്കംചെയ്ത് പുതിയ സന്യങ്ങൾ നട്ടുപിടിപ്പിച്ച് കാവുകളെ ജൈവ കലവറകളാക്കി നിലനിർത്തി വരുന്നു. മരുത്, ഇരുൾ, ബങ്കണ, തടിച്ചിൽ തുടങ്ങിയ കാട്ടുമരങ്ങളും, കാശാവ്, നിലനാരകം തുടങ്ങിയ ചെറു സസ്യങ്ങളും വിവിധ ഔഷധസസ്യങ്ങളും പച്ചത്തുരുത്തുകളിൽ സംരക്ഷിക്കപ്പെടുന്നു.
പക്ഷികൾക്കും, അണ്ണാൻ, മുയൽ തുടങ്ങിയ ചെറു ജീവികൾക്കും ആവാസ കേന്ദ്രങ്ങളായി പച്ചത്തുരുത്തുകൾ മാറിയതോടെ പ്രദേശത്തെ ജൈവവൈവിധ്യവും സമ്പുഷ്ടമായി. സമീപപ്രദേശങ്ങളിലെ വയലുകളിലും ജലസ്രോതസ്സുകളിലും നീരുറവകളുടെ വർദ്ധനവ് ഉണ്ടായതായും നാട്ടുകാർ ചൂണ്ടിക്കാട്ടുന്നു. മലപ്പച്ചേരി ഉൾപ്പെടെയുള്ള പച്ച തുരുത്തുകളിലേക്ക് ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികൾ ജൈവവൈവിധ്യ പഠനത്തിനായി എത്തുന്നുണ്ട്.
വാർഡ് സഭകളിലും സംരക്ഷണ സമിതികളിലും നടത്തിയ ബോധവൽക്കരണ പ്രവർത്തനങ്ങളുടെ ഭാഗമായി പഞ്ചായത്തിൽ 159 പച്ചത്തുരുത്തുകൾ സ്ഥാപിക്കാനായി. ഹരിത കേരളം മിഷന്റെയും, ജില്ലാ പഞ്ചായത്തിന്റെയും, സംസ്ഥാന-ജില്ലാതല അംഗീകാരങ്ങൾ ലഭിച്ചതോടെ പച്ചത്തുരുത്ത് സംരക്ഷണ പ്രവർത്തനങ്ങൾ കൂടുതൽ ശക്തിപ്പെട്ടു. കാർഷിക സംസ്കാരത്തിന്റെ പരിപോഷണത്തിനും പ്രാദേശിക ടൂറിസത്തിന്റെ സാധ്യതകൾക്കുമായി പദ്ധതികൾ ആലോചിച്ചു വരികയാണ്.
What's Your Reaction?